കുമ്മനത്തിന്റെ സ്വന്തം നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്; ബിഎംഎസ് പിളർന്നു; കുമരകത്തെ കൊലക്കളമാക്കുന്ന ബിജെപി-ആർഎസ്എസ് പദ്ധതിക്കെതിരെയും എതിർപ്പുകൾ

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്. കുമ്മനവും കുമരകവും ഉൾപ്പെടുന്ന കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ബിജെപിയിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നത്. ബിജെപിയെ കാൽക്കീഴിലാക്കാനും മുതിർന്ന നേതാക്കളെ ഒഴിവാക്കാനുമുള്ള നീക്കങ്ങളാണ് ചില നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇതേ ചൊല്ലിയാണ് ചേരിപ്പോര് രൂക്ഷമായത്. കുമരകത്ത് സംഘർഷം സൃഷ്ടിക്കാൻ നേതാക്കൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെയും എതിർപ്പുകൾ ഉയർന്നിരിക്കുകയാണ്.

പുറത്തുനിന്നും ആളെ ഇറക്കി കുമരകത്ത് സംഘർഷമുണ്ടാക്കാനുള്ള ബിജെപി പദ്ധതിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയർന്നിട്ടുണ്ട്. അതു പ്രാദേശികമായി തീർത്താൽ മതിയെന്ന അഭിപ്രായവും തർക്കത്തിനിടയാക്കി. വാക്കുതർക്കം രൂക്ഷമായതോടെ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പിളർപ്പിന്റെ വക്കിലെത്തി.

കഴിഞ്ഞ ദിവസം കൂടിയ കുമരകം പഞ്ചായത്ത് കമ്മിറ്റിയിൽ ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം വേദിയിലിരിക്കെയാണ് കയ്യാങ്കളി നടന്നത്. നിലവിൽ കുമരകം പഞ്ചായത്തിൽ രണ്ട് അംഗങ്ങൾ ബിജെപിക്കുണ്ട്. കുമരകം പഞ്ചായത്ത് അംഗമായ വ്യക്തിയാണ് ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും. 32 പേരടങ്ങുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നാലു വനിതകൾ അടക്കം പത്തുപേരാണ് പങ്കെടുത്തത്. മണ്ഡലം പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

കുമരകത്ത് അടുത്തിടെ ഉണ്ടായ സംഘർഷത്തിനു പുറത്തു നിന്ന് ആളെ ഇറക്കി മറുപടി നൽകണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ ഇതു സാധ്യമല്ലെന്നും പ്രാദേശിക വിഷയങ്ങൾ പ്രാദേശികമായിത്തന്നെ തീർക്കണമെന്നു മണ്ഡലം പ്രസിഡന്റ് പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. സംസ്ഥാന സമിതി അംഗം ഇടപെട്ടാണ് പ്രശ്‌നം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തിൽ നടന്ന കുമരകം പൊലീസ് സ്‌റ്റേഷൻ ഉപരോധത്തിൽ 17 പേരാണ് പങ്കെടുത്തത്. സമരത്തിൽ ഭൂരിഭാഗം പ്രവർത്തകരും വിട്ടുനിന്നതും ചർച്ചയായി.

ബിജെപി ജില്ലാ നേതൃത്വത്തിന്റെ അടുത്ത ആളായി അറിയപ്പെടുന്ന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന്റെ ഇത്തരം നിലപാടിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് പോലും നടത്താതെ ജില്ലാ നേതൃത്വം ഇദ്ദേഹത്തെ തുടരാൻ അനുവദിക്കുകയാണെന്നും ആക്ഷേപം ഉണ്ട്. ആദ്യകാല പാർടി പ്രവർത്തകരെ ഒഴിവാക്കുന്ന സമീപനമാണ് തുടരുന്നതെന്ന് ആരോപണമുണ്ട്. പാർടിയെ തന്റെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്നതിനെതിരെ മുതിർന്ന അംഗങ്ങൾ തന്നെ രംഗത്തുണ്ട്. ബിജെപിയുടെ തൊഴിലാളി യൂണിയനായ ബിഎംഎസിനെയും ഇയാൾ പിളർപ്പിലേക്ക് എത്തിച്ചു. ഇതിനെതിരെ ഒരു വിഭാഗം ബിഎംഎസ് പ്രവർത്തകർ ജില്ലാ ഘടകത്തിന് പരാതി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here