ബാര്‍ കോഴക്കേസ് അട്ടിമറി: ശങ്കര്‍ റെഡ്ഢിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ സംശയം പ്രകടിപ്പിച്ച് വിജിലന്‍സ് കോടതി; റെഡ്ഢിക്കെതിരെ ഉദ്യോഗസ്ഥരുടെ മൊഴികളുണ്ടല്ലോയെന്നും കോടതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് കോടതി. ബാര്‍ കോഴ കേസില്‍ ഇപ്പോഴും തുടരന്വേഷണം നടക്കുന്നതിനാല്‍ അട്ടിമറി ആരോപണം നിലനില്‍ക്കില്ലേയെന്ന് കോടതി ചോദിച്ചു.

ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ സിഐ അന്വേഷണം നടത്തിയാല്‍ ശരിയാകുമോയെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ആരാഞ്ഞു. റെഡ്ഢിക്കെതിരെ ഉദ്യോഗസ്ഥരുടെ മൊഴികളുണ്ടല്ലോയെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചു.

റെഡ്ഢിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് കോടതി കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിച്ചത്. വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ചില ഉദ്യോഗസ്ഥര്‍ അട്ടിമറി സംശയം രേഖപ്പെടുത്തി മൊഴി നല്‍കിയിട്ടുണ്ട്.

ബാര്‍ കോഴ അട്ടിമറിയിലെ വിജിലന്‍സ് അന്വേഷണവേളയിലും മൂന്നു ഡിവൈഎസ്പിമാര്‍ ശങ്കര്‍ റെഡ്ഢിയുടെ ഇടപെടല്‍ വ്യക്തമാക്കി മൊഴി നല്‍കിയിട്ടുണ്ടല്ലോയെന്നും കോടതി ചോദിച്ചു. കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം തുടരുകയാണെന്നിരിക്കെ കേസ് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കില്ലേയെന്ന് കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്മേല്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി ഈ മാസം 12ലേക്ക് കോടതി കേസ് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News