ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലിം യുവാവിനെ തല്ലിക്കൊന്നു; ജീവന് വേണ്ടി കേണപേക്ഷിച്ചെങ്കിലും യുവാവ് നേരിട്ടത് ക്രൂരമര്‍ദനം

ദില്ലി: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലിം യുവാവിനെ ഒരുസംഘമാളുകള്‍ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുംലാ ജില്ലയിലാണ് സംഭവം. ഗ്രാമീണരാണ് 20കാരനെ മണിക്കൂറുകളോളം മരത്തില്‍ കെട്ടി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ഗുംലാ പട്ടണത്തിലെ റാസ കോളനിയിലെ താമസക്കാരനായ മുഹമ്മദ് ഷാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സൊസൊ എന്ന അയല്‍ഗ്രാമത്തിലെ ഹിന്ദു യുവതിയുമായി ഇയാള്‍ ഒരു വര്‍ഷക്കാലമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാംനവമി ജാഥക്കിടെ കണ്ടുമുട്ടുന്നതിനായി പെണ്‍കുട്ടി യുവാവിനെ ഗുംലാ പട്ടണത്തിലേക്ക് ക്ഷണിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുഹമ്മദ് ഷാലിക് ചെല്ലുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയെ സ്‌കൂട്ടറിന് പിന്നിലിരുത്തി യാത്ര ചെയ്യുന്നത് പെണ്‍കുട്ടിയുടെ അയല്‍ക്കാര്‍ കണ്ടു. ഇവരാണ് യുവാവിനെ തടഞ്ഞത്. പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുചെന്നാക്കാനാണ് സ്‌കൂട്ടറില്‍ കയറ്റിയതെന്ന് യുവാവ് പറഞ്ഞെങ്കിലും സംഘടിച്ചെത്തിയവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് മരത്തില്‍ കെട്ടിയിട്ട യുവാവിനെ മണിക്കൂറുകളോളം മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ യുവാവിന്റെ ബന്ധുക്കള്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിദഗ്ദ്ധ ചികിത്സക്കായി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. നേരത്തേ യുവാവിനോട് പെണ്‍കുട്ടിയെ കാണരുതെന്നും ഗ്രാമത്തില്‍ പ്രവേശിക്കരുതെന്നും അയല്‍വാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊലീസ് പറയുന്നു.

അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതിനിടെയാണ് ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെടുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുംല പട്ടണത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News