പെട്രോള്‍ വില ഇനി ദിനംപ്രതി മാറിയേക്കും; എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം ഉടന്‍ നടപ്പിലാക്കും; തീരുമാനം ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമെന്ന് വിലയിരുത്തല്‍

ദില്ലി: ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ആനുപാതികമായി ഇന്ധന വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി രാജ്യത്ത് ഉടന്‍ നടപ്പിലായേക്കും. പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ ദിവസവും പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ പ്രതീക്ഷിക്കാം. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാവുകയും ചെയ്യും.

നിലവില്‍ രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോളാണ് ഇന്ധനവിലയില്‍ പരിഷ്‌ക്കരണം നടത്തുന്നത്. ഇന്ത്യയിലെ വാഹന ഉപയോക്താക്കളെ എന്നും ബുദ്ധിമുട്ടിക്കുന്നതാണ് അടിക്കടി ഉള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ്. പലപ്പോഴും അന്താരാഷ്ട്രനിലവാരം അനുസരിച്ചാണ് എണ്ണവിലയിലെ മാറ്റം എന്നവകാശപ്പെടുമ്പോഴും വര്‍ധനവ് മാത്രമാണ് അത്തരത്തില്‍ എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില കുറഞ്ഞാലും രാജ്യത്ത് വലിയ മാറ്റം ഉണ്ടാവാറില്ല. ഈ അവസ്ഥയ്ക്കാണ് ഇനി മാറ്റമുണ്ടാവുക. അതായത് വില വര്‍ധിച്ചാലും കുറഞ്ഞാലും ചെറിയ വ്യത്യാസം മാത്രമായിരിക്കും ദിവസേന നടപ്പിലാവുക. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വലിയ ആഘാതമുണ്ടാക്കാത്ത തരത്തില്‍ പുതിയ വില ദിവസേന ഈടാക്കന്‍ എണ്ണക്കമ്പനികള്‍ക്ക് കഴിയും.

petrol

രാജ്യത്തെ റീട്ടെയില്‍ എണ്ണവിപണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ് 95 ശതമാനം വിഹിതവും. ഈ പൊതുമേഖലാ എണ്ണ കമ്പനികളുടെ മേധാവികള്‍ കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോള വിപണിയിലെ രീതി എന്നുമുതല്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

53,000 ത്തോളംവരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഇടങ്ങളില്‍ ഓട്ടോമേഷന്‍ സൗകര്യമുണ്ട്. ഈ സാഹചര്യത്തില്‍ ദിനംപ്രതി വില നിശ്ചയിക്കുന്നതിന് തടസമില്ലെന്നാണ് എണ്ണ കമ്പനികളുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News