വടക്കൻ മലബാറിൽ ഇന്നു പൂരക്കുളി; കാമനെ പ്രീതിപ്പെടുത്താൻ കന്യകമാർ വ്രതശുദ്ധിയോടെ നോമ്പ് നോൽക്കുന്ന കാലം

വടക്കൻ മലബാറിൽ ഇന്നു പൂരോൽസവം. കാമനെ പ്രീതിപ്പെടുത്താൻ കന്യകമാർ വ്രതശുദ്ധിയോടെ നോമ്പ് നോൽക്കുന്ന കാലമാണ് പൂരക്കുളിയെന്നാണ് വിശ്വാസം. തുരുത്തി ശ്രീ നിലമംഗലത്തമ്മയുടെ പൂരോൽസവത്തിനുണ്ട് ഏറെ പ്രത്യേകതകൾ. നിലമംഗലത്തമ്മയ്ക്കു പൂമൂടാൻ ഏഴു കരകളിൽനിന്നും ഏഴു കന്യകമാർ പൂരം തുടങ്ങുന്ന ‘കാർത്തിക’ മുതൽ പൂരം അവസാനിക്കുന്ന ‘പൂരം കുളി’ വരെ വ്രതശുദ്ധിയോടെ ആചാരസ്ഥാനികർക്കും കൂട്ടായിമാർക്കുമൊപ്പം ക്ഷേത്രത്തിൽ താമസിച്ചാണ് ആചാരങ്ങൾ അനുഷ്ടിക്കുന്നത്.

പുലർച്ചെ എഴുന്നേറ്റു പൂക്കാരനൊപ്പം ഈ പൂക്കുഞ്ഞുങ്ങൾ പൂക്കുടയുമായി പൂമാലദേവി വസിച്ചിരുന്നു എന്നു വിശ്വസിക്കുന്ന നെല്ലിക്കാൽ കുളങ്ങാട്ട് മലയിലേക്ക് പോകുന്ന കാഴ്ച മീനമാസത്തിലെ മനോഹരമായ ഗ്രാമീണ കാഴ്ച കൂടിയാണ്. ശേഖരിച്ച പൂക്കളുമായി മലയിറങ്ങി തലക്കാട്ട് ക്ഷേത്രത്തിലും തുരുത്തി നിലമംഗലം കഴകത്തിലും എത്തിച്ചേരുന്നു. ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്കു ശേഷം കോവിലിലേക്ക് നീങ്ങും.

Poorakkuli 2

ശേഷം ദേവിയെ പൂകൊണ്ട് മൂടുന്നു. ആചാരസ്ഥാനികർക്കു മാത്രം പ്രവേശനമുള്ള കോവിലിൽ ഈ ദിവസങ്ങളിൽ മാത്രം പെൺകുഞ്ഞുങ്ങൾക്കു പ്രവേശനം ലഭിക്കുന്നു. നിലമംഗലത്തമ്മയുടെ കഴക പരിധിയിലുള്ള 4000 വീടുകളിൽ നിന്നുമാണ് ഒരോവർഷവും ഏഴു പെൺകുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. അതിരാണിപ്പൂ കൊണ്ട് കാമന് അരവച്ച്, വയരപ്പൂ കൊണ്ട് വയറ്, എരിഞ്ഞിപ്പൂ കൊണ്ട് പൊക്കിൾ, പാലപ്പൂകൊണ്ട് മാറ്, കൈതപ്പൂ കൊണ്ട് കൈ, കിളിതിന്നിപ്പൂ കൊണ്ട് വിരൽ, ആലത്തിൻപൂ കൊണ്ട് താടി, ചുള്ളിപ്പൂ കൊണ്ട് ചുണ്ട്, കണ്ണാടിച്ചില്ലു കൊണ്ട് കവിൾ, കറുക കൊണ്ട് നാവ്, കറുകക്കൊടി കൊണ്ട് നാവ്, കുമുദമ്പൂകൊണ്ട് നാവ്, കഴുങ്ങിന്നിളം പൂങ്കുല കൊണ്ട് തലമുടിയുമായി ചമഞ്ഞൊരുങ്ങുന്നു കാമൻ.

കഴിഞ്ഞ 9 ദിവസങ്ങളിലായി ഉത്തരകേരളത്തിലെ തറവാട് വീടുകളിൽ കാമനെ നടക്കുന്ന ചടങ്ങുകൽ ഇന്നു പൂരക്കുളിയോടെ സമാപിക്കും. പൂരക്കഞ്ഞിയുണ്ടാക്കി കാമനു വിളമ്പിയും പെൺകുഞ്ഞുങ്ങൾ പൂരക്കഞ്ഞി പ്രസാദമായി കഴിക്കുകയും ചെയ്യുന്നു. കന്യകമാർ പൂക്കൾ കൊണ്ട് കാമദേവനെ ഉണ്ടാക്കി അന്നു കാമൻറെ രൂപത്തെയും അതുവരെ കാമന് സമർപ്പിച്ച പൂക്കളും പൂര അടയും എടുത്ത് അഷ്ടമംഗല്യത്തോടു കൂടി പാലുള്ള മരത്തിന്റെ ചുവട്ടിൽ സമർപ്പിച്ച് കുരവയിട്ട് ഇന്ന് കാമനെ യാത്രയാക്കും.

Poorakkuli 1

മഹാദേവന്റെ മൂന്നാംകണ്ണിനാൽ ഭസ്മമായിപ്പോയ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച് രതീദേവിയോട് കാമന്റെ പ്രതിമയുണ്ടാക്കി പൂക്കളർപ്പിച്ച് പൂജിക്കാൻ വിഷ്ണു ഉപദേശിച്ചുവെന്ന വിശ്വാസവും വിശ്വാസികൾ വച്ചു പുലർത്തുന്നു.

കാമാ…തെക്കൻ നാട്ടില് പോലെ… വടക്കൻ നാട്ടിന് പോലെ.. കിണറ്റിൻപടമ്മേൽ പോലെ… ഇനിയത്തെ കൊല്ലവും വരണേ… എന്നു പാടിക്കൊണ്ടാണ് മുത്തശ്ശിമാരടക്കം കാമനെ യാത്രയാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News