കോട്ടയത്ത് കെഎസ്‌യുവിൽ എ ഗ്രൂപ്പിന്റെ സംഘടനാ ഗുണ്ടായിസം; ജയിച്ച ജില്ലാ ഭാരവാഹിയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ല; സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌കരിച്ച് ഐ ഗ്രൂപ്പ്

കോട്ടയം: കോട്ടയത്ത് കെഎസ്‌യുവിൽ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ തർക്കം. ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടയാളെ സത്യപ്രതിജ്ഞ ചെയ്യാൻ എ ഗ്രൂപ്പ് നേതാക്കൾ അനുവദിച്ചില്ല. ഇതേതുടർന്ന് ജില്ലാ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് ഐ ഗ്രൂപ്പ് ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ ഐ ഗ്രൂപ്പിലെ ടി.എം അൻഷാദിനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

തെരഞ്ഞെടുപ്പ് നടപടിക്രമം അനുസരിച്ച് രണ്ടാമതാകുന്നയാൾ വൈസ് പ്രസിഡന്റ് പദവിയിലെത്തും. എന്നാൽ, അൻഷാദിനെതിരെ മുരളീധരൻ വിഭാഗം വരണാധികാരിക്ക് പരാതി നൽകിയിരുന്നു. അൻഷാദ് വിദ്യാർഥിയല്ലെന്നും വ്യാജരേഖകളാണ് മത്സരിക്കുന്നതിനായി ഹാജരാക്കിയതെന്നുമായിരുന്നു മുരളി വിഭാഗത്തിന്റെ പരാതി. ഇതേച്ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് വെള്ളിയാഴ്ച പുതിയ ജില്ലാ കമ്മിറ്റി ചുമതലയേറ്റെടുത്തത്്. എ ഗ്രൂപ്പിലെ പയസ് അഗസ്റ്റിനാണ് ജില്ലാ പ്രസിഡന്റ്.

തെരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയ അൻഷാദിനെ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ചടങ്ങ് തുടങ്ങിയപ്പോൾ ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും എ വിഭാഗം അംഗീകരിച്ചില്ല. പരാതിയിൽ തീർപ്പായിട്ടില്ലെന്നും അൻഷാദിനെ തൽക്കാലം മാറ്റിനിർത്താനാണ് എൻഎസ്‌യു നേതൃത്വം അറിയിച്ചതെന്നുമായിരുന്നു എ ഗ്രൂപ്പ് നിലപാട്. ഇതോടെയാണ് ചടങ്ങ് ഐ ഗ്രൂപ്പുകാർ ബഹിഷ്‌ക്കരിച്ചത്.

വിജയിച്ച ഐ ഗ്രൂപ്പുകാർ സത്യപ്രതിജ്ഞ ചെയ്തില്ല. ഏഴു സ്ഥാനങ്ങളിലേക്കു മത്സരിച്ച ഐ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അടക്കം ആറു സ്ഥാനങ്ങളിൽ വിജയിച്ചു. എ ഗ്രൂപ്പ് അടക്കി വാഴുന്ന കോട്ടയത്ത് എക്കാലവും മറ്റു ഗ്രൂപ്പുകളുടെ ചിറകരിയുന്ന സമീപനമാണ് ഉമ്മൻചാണ്ടിയും കൂട്ടരും സ്വീകരിക്കുന്നതെന്നും സംഘടനാ ഗുണ്ടായിസമാണ് അവർ നടത്തുന്നതെന്നുമാണ് ഐ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News