ജഗതി തിരിച്ചു വരണമെന്ന് മമ്മൂട്ടിയും ഇന്നസെന്റും നിവിന്‍ പോളിയും; മലയാളികളുടെ പ്രാര്‍ത്ഥനയായി ആ വാക്കുകള്‍; ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പ്രവാസി മലയാളികള്‍

ദുബായ്: മലയാള സിനിമയിലേക്ക് ജഗതി ശ്രീകുമാര്‍ തിരിച്ചു വരണമെന്ന് മമ്മൂട്ടിയും ഇന്നസെന്റും നിവിന്‍ പോളിയും ആത്മാര്‍ത്ഥമായി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ദുബായ് സബീല്‍ പാര്‍ക്കില്‍ എത്തിയ പതിനായിരങ്ങള്‍ അത് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ജഗതിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ പ്രാര്‍ത്ഥനയായി മാറുകയായിരുന്ന ആ വാക്കുകള്‍.

കൈരളി ടിവി ഇശല്‍ ലൈല ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജഗതിക്ക് മഹാനടന്‍ മമ്മുട്ടി സമര്‍പ്പിച്ചു. സബീല്‍ പാര്‍ക്കില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങള്‍ ആദരപൂര്‍വം എഴുന്നേറ്റ് നിന്ന് മൊബൈല്‍ വെളിച്ചം വീശി ആ അവിസ്മരണീയ ചടങ്ങിന് സാക്ഷിയായി. ആകാശത്ത് നിന്നിറങ്ങിയ പതിനായിരക്കണക്കിനു മിന്നാമിനുങ്ങുകള്‍ പോലെയായി ആ വെളിച്ചം മാറുകയായിരുന്നു.

ഇന്നസെന്റ്, നിവിന്‍ പോളി, മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എംഡി ജോണ്‍ ബ്രിട്ടാസ്, ഡയറക്ടര്‍ വികെ അഷറഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. വാക്കുകള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ലെങ്കിലും ജഗതിയുടെ കണ്ണുകളിലും ചിരിയിലുമായി ഹൃദയംഗമായ കൃതജ്ഞത പ്രകടമായിരുന്നു. അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന പ്രവാസികള്‍ക്കും ഇങ്ങനെയൊരു ചടങ്ങ് ഒരുക്കിയ കൈരളി ടിവിക്കും ജഗതിയുടെ മകള്‍ പാര്‍വതി നിറ കണ്ണുകളോടെ നന്ദി പറഞ്ഞു.

ജഗതിയുടെ സിനിമാ ജീവിതത്തെ ആസ്പദമാക്കി രമേശ് പിഷാരടി ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചപ്പോള്‍ ജനം അത് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ഇന്നസെന്റിന് സാമൂഹിക പ്രതിബദ്ധതക്കുള്ള അവാര്‍ഡ് നല്‍കാന്‍ മമ്മൂട്ടിയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും, അത് ജഗതി ശ്രീകുമാറിനെ കൊണ്ട് മമ്മൂട്ടി ഇന്നസെന്റിന് നല്‍കിയപ്പോള്‍ അത് കൌതുകകരമായ കാഴ്ചയായി.

മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭകളായ അസീസ് തായ്‌നേരി, കോഴിക്കോട് അബൂബക്കര്‍, ഒഎം കരുവാരക്കുണ്ട്, അഷറഫ് പയ്യന്നൂര്‍, സിബല്ല സദാനന്ദന്‍, അസ്ഹര്‍ സുള്‍ഫിക്കര്‍, മൊഹസിന്‍ മുഹമ്മദ് കുട്ടി എന്നിവരെ വേദിയില്‍ ആദരിച്ചു. യുഎഇയിലെ പ്രവാസി മലയാളികള്‍ ഇതു വരെ കാണാത്ത ആസ്വാദ്യകരമായ മുഹൂര്‍ത്തങ്ങള്‍ നല്‍കിയ രാവായിരുന്നു ഇശല്‍ ലൈല. മാപ്പിളപ്പാട്ടുകളും നിരവധി നൃത്തപരിപാടികളും ചടങ്ങില്‍ അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News