രജനിയുടെ ഘാതകരേ, എന്തിനീ മുതലക്കണ്ണീര്‍

സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിന്റെ ആദ്യ ഇരയെ ഓര്‍മയില്ലേ. ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാതെ 2004 ജൂലൈ 22ന് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസിന് മുകളില്‍നിന്ന് ചാടി ജീവിതം അവസാനിപ്പിച്ച രജനി എസ് ആനന്ദിനെ. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടമാഫിയകളുടെ ഒടുവിലത്തെ ഇരയായ ജിഷ്ണു പ്രണോയിയുടെപേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ മറന്നുവോ ആ സാധു പെണ്‍കുട്ടിയെ. ജിഷ്ണുവിന്റെ ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആകുന്നതെല്ലാംചെയ്തപ്പോള്‍ ജിഷ്ണുവിന്റെ അമ്മയുടെ വേദനയും കണ്ണീരും മുതലാക്കാന്‍ ഓടിയെത്തുന്ന ഇന്നത്തെ യുഡിഎഫ് നേതാക്കളും അന്നത്തെ യുഡിഎഫ് മന്ത്രിമാരും ജീവിതം അവസാനിപ്പിച്ച രജനിയെക്കുറിച്ച് ഒരു നല്ലവാക്കുപോലും പറഞ്ഞിരുന്നില്ല.

അടൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു രജനി എസ് ആനന്ദ് എന്ന ഇരുപതുകാരി. വെള്ളറട നെല്ലിക്കുന്ന് പാട്ടക്കുടിവിള വീട്ടില്‍ ശിവാനന്ദന്‍ശാന്ത ദമ്പതികളുടെ മകളായ രജനി കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ ഫീസടയ്ക്കാന്‍ കഴിയാതെ കോളേജില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.

പഠനമോഹങ്ങള്‍ അവസാനിച്ചതോടെ ജീവിതസ്വപ്നങ്ങള്‍ തകര്‍ന്ന ആ പെണ്‍കുട്ടി മരണം വരിച്ചപ്പോള്‍ അന്ന് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് പരിഹസിച്ചത് അവള്‍ വിലകൂടിയ ചെരിപ്പാണ് ധരിച്ചതെന്നായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിന്റെ പിതാമഹന്മാരായ അന്നത്തെ യുഡിഎഫ് നേതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ കന്യകാത്വത്തെവരെ ചോദ്യംചെയ്തു.

പെട്ടിക്കട തുടങ്ങാന്‍പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണമെന്നിരിക്കെ പണമുള്ളവര്‍ക്കെല്ലാം എവിടെയും സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാമെന്ന അവസ്ഥ യുഡിഎഫ് ഭരണകാലങ്ങളിലുണ്ടായി. പ്രീപ്രൈമറിമുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസമേഖലവരെ കച്ചവടക്കാര്‍ക്ക് അടിയറവച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ 1700 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതിനല്‍കി. പൊതുവിദ്യാലയങ്ങള്‍ നഷ്ടമാണെന്നു പറഞ്ഞ് അടച്ചുപൂട്ടിയവര്‍ മെഡിക്കല്‍ വിദ്യാഭ്യാസം കോടികളുടെ കച്ചവടമാക്കിമാറ്റി. 80 ലക്ഷംമുതല്‍ ഒരു കോടിവരെ എംബിബിഎസ് സീറ്റിന് സ്വാശ്രയക്കാര്‍ ലേലംവിളി നടത്തുമ്പോള്‍ കോഴക്കാര്‍ക്കുവേണ്ടി വക്കാലത്തുപറയുകയായിരുന്നു കോടതികളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഭിഭാഷകര്‍.

സ്വാശ്രയകച്ചവടക്കാര്‍ക്ക് എന്തുംചെയ്യാനുള്ള അധികാരം നല്‍കിയതും എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണകാലങ്ങളിലാണ്. കലാലയങ്ങളില്‍ വിദ്യാര്‍ഥിസംഘടനാ സ്വാതന്ത്യ്രം നിരോധിക്കാന്‍ ഇരുവരും മത്സരിച്ചു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ക്യാമ്പസുകളില്‍ ഇരുട്ടറകളും ഇടിമുറികളും തുറക്കാന്‍ ഒത്താശചെയ്തതും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ്.

ജിഷ്ണുവിന്റെ ജീവന്‍ പൊലിഞ്ഞതുമുതല്‍ കേരളത്തിലെ പുരോഗമനസമൂഹമൊന്നാകെ ആ അമ്മയ്‌ക്കൊപ്പമുണ്ട്. എസ്എഫ്‌ഐയും ഇടതുപക്ഷപ്രസ്ഥാനങ്ങളുമാണ് നീതിക്കായി ആ അമ്മയ്‌ക്കൊപ്പം ആദ്യം ചേര്‍ന്നത്. മന്ത്രിസഭായോഗത്തില്‍ത്തന്നെ ആ കുടുംബത്തിനുവേണ്ടി സര്‍ക്കാരിന്റെ കരുതലുണ്ടായി. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ആകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കെയാണ് ജിഷ്ണുവിന്റെ കുടുംബത്തിനുണ്ടായ തീരാനഷ്ടത്തിന്റെപേരില്‍ മുതലെടുപ്പിന് വലതുപക്ഷമാധ്യമങ്ങളും സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിന്റെ സൃഷ്ടികളായ യുഡിഎഫും വൃഥാശ്രമം നടത്തുന്നത്.

(എം വി പ്രദീപ് ദേശാഭിമാനിയില്‍ എഴുതിയത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News