ഡാർജിലിംഗ് താഴ്‌വരയിൽ മലയാളി പൊറോട്ട വസന്തം; താഴ്‌വരക്കാരെ പൊറോട്ട തീറ്റിച്ചത് കൃഷ്ണ എന്ന നേപ്പാളി; എത്തിച്ചത് കേരളത്തിൽ നിന്ന്

ഡാർജിലിംഗ് താഴ്‌വരയിൽ ഇപ്പോൾ പൊറോട്ടയുടെ വസന്തമാണ്. സംശയിക്കേണ്ട., മലയാളികളുടെ ദേശീയ ഭക്ഷണം എന്ന നിലയിൽ അറിയപ്പെടുന്ന അതേ പൊറോട്ട തന്നെ. പൊറോട്ട എന്നാൽ ഡാർജിലിംഗ് അടക്കം ഉത്തരേന്ത്യക്കാർക്കും കിഴക്കൻ ഇന്ത്യക്കാർക്കും കശ്മീർ മുതൽ വടക്ക് കിഴക്കൻ ഇന്ത്യയുടെ അങ്ങേയറ്റമായ മിസോറാം വരെ നീണ്ടുകിടക്കുന്ന ഹിമാലയ താഴ്‌വര വാസികൾക്കുമെല്ലാം ചപ്പാത്തിക്കകത്ത് വേവിച്ച ഉരുളക്കിഴങ്ങ് വെച്ച ഒരു ഭക്ഷണമാണ്. എന്നാൽ ഡാർജിലിംഗുകാരുടെ രുചിരന്ധ്രങ്ങളെ അടുത്തകാലത്ത് മറ്റൊരു പൊറാട്ട കീഴടക്കി. കൃഷ്ണ എന്ന നേപ്പാളി കേരളത്തിൽ നിന്ന് ഡാർജിലിംഗിലെ തേയിലത്തോട്ടങ്ങളിലെത്തിച്ച തനി മലയാളി പൊറോട്ട.

Krishna

ഡാർജിലിംഗ് ജില്ലയിലെ തേയിലത്തോട്ടങ്ങളുടെ നാടാണ് ബാഗർകോട്ട്. ഗൂർഖാ ദേശീയവാദം ഇപ്പോഴും പുകയുന്ന നാട്. താഴ്‌വരയിലൂടെ സഞ്ചരിക്കുമ്പോൾ അങ്ങകലെ കാഞ്ചൻഗംഗ കൊടുമുടി കാണാം. ഭൂട്ടാനിൽ നിന്ന് സിലുഗുരിയിലേയ്ക്ക് മടങ്ങുന്ന സഞ്ചാരികൾ ബാഗർകോട്ടിലെത്തിയാൽ വാഹനം നിർത്തും. അവിടെ തിരക്കേരിയ ഒരു നാടൻഹോട്ടലുണ്ട്. കൃഷ്ണയുടെ പൊറോട്ട കട. കുറച്ചുകാലം കൊണ്ട് ഭൂട്ടാൻ-സിലുഗുരി ഹൈവേയിൽ പ്രചുരപ്രചാരം നേടിയ മലയാളി പൊറോട്ടക്കട.

കുടിയേറ്റങ്ങൾ ലോകത്തെവിടെയും സംസ്‌കാരത്തിലുണ്ടാക്കുന്ന മാറ്റങ്ങളുടെ പ്രതീകമാണ് കൃഷ്ണയുടെ പൊറോട്ടക്കട. കൃഷ്ണ അഞ്ചു വർഷം മുമ്പ് വരെ ഇവിടുത്തെ തേയിലത്തോട്ടങ്ങളിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു. അക്കാലത്ത് ഡാർജിലിംഗ് തേയിലയുടെ വിലയിടിഞ്ഞു. തേയില കൃഷി പ്രതിസന്ധിയിലായി. പല തോട്ടങ്ങളും അടച്ചുപൂട്ടി. കൃഷ്ണ തൊഴിൽരഹിതനായി. കുടുബം പട്ടിണിയിലായപ്പോൾ കൃഷ്ണ നാടുമുഴുവൻ അന്വേഷിച്ചു. ‘എവിടെ തൊഴിൽ ലഭിക്കും?’

കൂട്ടുകാരും കുടുംബക്കാരുമെല്ലാം നൽകിയത് ഒരേയൊരു ഉത്തരം; ‘അങ്ങകലെ തെക്ക് തെക്ക് കേരളം എന്നൊരു നാടുണ്ട്. അവിടെ ഇഷ്ടം പോലെ തൊഴിലുണ്ട്. നല്ല കൂലിയുമുണ്ട്.’ പിന്നെ താമസിച്ചില്ല. കൃഷ്ണ കേരളത്തിലേക്കു വണ്ടി കയറി. വണ്ടിയിൽ നിറയെ കേരളത്തിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. അവർക്കിടയിലും കൃഷ്ണ തൊഴിലന്വേഷിച്ചു. ഒരു മിഡ്‌നാപൂരുകാരൻ സഹായഹസ്തവുമായെത്തി. ‘കൊല്ലത്തേക്കു പോന്നോ. നല്ല പൊറോട്ടയടിക്കാൻ പഠിപ്പിക്കാം.’

Porotta

അങ്ങനെ കൃഷ്ണ കൊല്ലത്തെത്തി. വളരെ പെട്ടെന്ന് കൊല്ലം നഗരത്തിലെ തിരക്കേറിയ ഒരു പൊറോട്ടയടിക്കാരനായി. രണ്ടു വർഷം കൊല്ലത്ത് തൊഴിലെടുത്തു. ഒരിക്കൽ ആഘോഷിക്കാനായി കൃഷ്ണ നാട്ടിലെത്തി. പൂട്ടിക്കിടന്നിരുന്ന തേയിലത്തോട്ടങ്ങൾ വീണ്ടും തുറന്നിരിക്കുന്നു. കൂട്ടുകാരെല്ലാം തോട്ടങ്ങളിൽ വീണ്ടും തൊഴിലെടുക്കുന്നു. കൃഷ്ണ തീരുമാനിച്ചു. ഇനി കേരളത്തിലേക്കില്ല.

ബാഗർകോട്ടിൽ തോയിലത്തോട്ടങ്ങൾക്കു നടുവിലായി ഒരുതട്ടുകട ഉയർന്നു. വിശന്നുവലഞ്ഞ തൊഴിലാളികളേയും സഞ്ചാരികളേയും ഒരു പുതിയ പലഹാരം കാത്തിരുന്നു. കൃഷ്ണ കൊല്ലത്തു നിന്നും ഡാർജിലിംഗിൽ എത്തിച്ച മലയാളി പൊറോട്ട. കഴിച്ചവരെല്ലാം ഏകസ്വരത്തിൽ പറഞ്ഞു; ‘ഉഗ്രൻ.’

Porotta 1

രണ്ടു വർഷങ്ങൾക്കിടയിൽ കൃഷ്ണയുടെ തട്ടുകടയുടെ പ്രശസ്തി സിലുഗുരിയിലും ഡാർജിലിംഗിലുമൊക്കെ പടർന്നിരിക്കുന്നു. ഈ വഴി പോകുന്നവരെല്ലാം മലയാളി പൊറോട്ട രുചിക്കാനായി ബാഗർകോട്ടിലിറങ്ങും. പൊറോട്ട വിൽപനയിലൂടെ കൃഷ്ണക്കിന്ന് നല്ല വരുമാനമുണ്ട്. പക്ഷെ ചെറിയൊരു കുഴപ്പം; ‘കേരളത്തിൽ നിന്ന് മടങ്ങിയെത്തിയവരെല്ലാം ഇപ്പോൾ പൊറോട്ടക്കട തുടങ്ങാനിരിക്കികയാണ്. അധികകാലം ഇനി ഗോതമ്പ് പൊറോട്ടയുണ്ടാവില്ല. എല്ലായിടത്തും മലയാളി പൊറോട്ടകളായിരിക്കും.’

ഡാർജിലിംഗ് മലകളിൽ പൊറോട്ട വസന്തം വിരിയുമ്പോൾ കേരളത്തിലെ ഹോട്ടലുകാരും തെല്ല് ആശങ്കപ്പെടണം. ഇങ്ങനെ പോയാൽ പൊറാട്ടയടിക്കാൻ ഇനി അധികകാലം ബംഗാളികളെ കിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here