കോഴിക്കോട്: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായി ശക്തമായി ചെറുത്തു നിൽക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇതിലൂടെ കേരളം രാജ്യത്തിനു തന്നെ വഴികാട്ടിയാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഒക്ടോബർ വിപ്ലവ ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജനറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് കോർപറേഷൻ സ്റ്റേഡിയം കേന്ദ്രീകരിച്ച് കോഴിക്കോട് കടപ്പുറത്തേക്കു നടന്ന ചുവപ്പ് സേനാ പരേഡിൽ പതിനായിരത്തോളം വളണ്ടിയർമാർ അണിനിരന്നു.
തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്കുമപ്പുറം മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാഷ്ട്രീയത്തിനതീതമായ വിശാലമായ സഖ്യം രൂപപ്പെടേണ്ടതുണ്ട്. ഈ സഖ്യത്തിനു നേതൃത്വം നൽകാൻ അഴിമതിയിൽ മുങ്ങിക്കുളിച്ച നവലിബറൽ നയങ്ങൾ പിന്തുടരുന്ന കോൺഗ്രസിനു കഴിയില്ല.
തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്കുമപ്പുറം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവരുടെ വിശാലമായ സഖ്യം രൂപീകരിക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച ക്രിസ്റ്റഫർ ഹില്ലിന്റെ ലെനിനും ഒക്ടോബർ വിപ്ലവവും എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രനു നൽകി പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തു. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here