വായിക്കേണ്ടി വന്നത് ഭർത്താവിന്റെ മരണവാർത്തയായിട്ടും ലവലേശം തൊണ്ടയിടറാതെ ദുഃഖം അടക്കിപ്പിടിച്ച് അവൾ വാർത്താ അവതരണം പൂർത്തിയാക്കി. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും ദുഃഖിപ്പിക്കുന്നതമായ ദുരന്തങ്ങളും മരണങ്ങളുമെല്ലാം പ്രേക്ഷകർക്കായി വായിക്കേണ്ടി വരുന്നവരാണ് വാർത്താ അവതാരകർ. എന്നാൽ ഛത്തീസ്ഗഡിലെ വാർത്താ അവതാരികയ്ക്ക് സ്വന്തം ഭർത്താവിന്റെ തന്നെ മരണവാർത്ത ഓൺ എയറിൽ വായിക്കേണ്ടി വന്നു. ഛത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐബിസി 24ൻറെ അവതാരക സുപ്രീത് കൗറിണിനാണ് ഈ ദുര്യോഗം ഉണ്ടായത്.
അപകടത്തിൽ മണപ്പെട്ടയാൾ തന്റെ ഭർത്താവാണെന്നു തിരിച്ചറിഞ്ഞ അവതാരക ദുഃഖം അടക്കിപ്പിടിച്ച് പതറാതെ വായിച്ചു തീർത്തു. ശനിയാഴ്ച രാവിലെ 10 മണി വാർത്ത വായിക്കുമ്പോഴാണ് പെട്ടെന്ന് അപകട വാർത്ത ബ്രേക്കിംഗ് ന്യൂസായി വന്നത്. മഹസമുണ്ട് ജില്ലയിലെ പിത്താറയിൽ ഡസ്റ്റർ വാഹനം അപകടത്തിൽപ്പെട്ടെന്നും വാഹനത്തിലുളള അഞ്ചു പേരിൽ മൂന്നു പേർ മരിച്ചെന്നും രണ്ടു പേരുടെ നില ഗുരുതരമെന്നുമായിരുന്നു വാർത്ത. ന്യൂസ് റിപ്പോർട്ടർ വാർത്തയുടെ വിശദാംശങ്ങൾ നൽകിയതോടെ, മരിച്ചവരിൽ ഒരാൾ തന്റെ ഭർത്താവാണെന്നു കൗർ വേദനയോടെ തിരിച്ചറിയുകയായിരുന്നു.
ഭർത്താവ് ആ സമയം അതേ റൂട്ടിൽ യാത്ര ചെയ്യുന്നുണ്ടെന്നും സുപ്രീതിന് അറിയാമായിരുന്നു. തത്സമയ സംപ്രേഷണമായതിനാൽ വാക്കുകൾ പതറാതെ മനോധൈര്യം വീണ്ടെടുത്തു വാർത്ത വായിച്ചു തീർത്തതിനു ശേഷമാണ് അവതാരക സ്റ്റുഡിയോയിൽ നിന്നിറങ്ങിയത്. സ്റ്റുഡിയോയിൽ നിന്നിറങ്ങിയ സുപ്രീത് പിന്നീട് പൊട്ടിക്കരഞ്ഞു. വീട്ടുകാരെ ഫോണിൽ വിളിച്ചപ്പോൾ താൻ ഭയപ്പെട്ടതു തന്നെ സംഭവിച്ചെന്നും സുപ്രീത് തിരിച്ചറിഞ്ഞു.
വാർത്ത വായിക്കാൻ നൽകുമ്പോൾ ന്യൂസ് റൂമിലുളളവർക്കു സംഭവം അറിയാമായിരുന്നുവെന്നും എന്നാൽ സുപ്രീതിനെ അറിയിച്ചില്ലെന്നും എഡിറ്റർ പറഞ്ഞു. കഴിഞ്ഞ ഒൻപതു വർഷമായി ഐബിസി 24 ചാനലിലെ മാധ്യമപ്രവർത്തകയാണ് സുപ്രീത് കൗർ. ഒരു വർഷം മുമ്പാണ് സുപ്രീത് ഹർഷദ് കവാഡെയെ വിവാഹം ചെയ്തത്.
Get real time update about this post categories directly on your device, subscribe now.