സിറിയയിൽ ഇനിയും ആക്രമണം നടത്തുമെന്നു അമേരിക്ക; എന്തിനും തയ്യാറാണെന്നും സ്ഥാനപതി നിക്കി ഹേലി; അമേരിക്കൻ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യ

ന്യൂയോർക്ക്: സിറിയയിൽ ഇനിയും സൈനിക ആക്രമണം നടത്തുമെന്നു അമേരിക്കയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തരയോഗത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് സിറിയയിൽ മിസൈൽ വർഷിച്ച അമേരിക്ക വീണ്ടും ആക്രമണഭീഷണി മുഴക്കിയത്. വേണ്ടിവന്നാൽ ഇനിയും സൈന്യത്തെ ഉപയോഗിക്കുമെന്നും എന്തിനും തയ്യാറാണെന്നും അമേരിക്കൻ സ്ഥാനപതി നിക്കി ഹേലി യോഗത്തിൽ വ്യക്തമാക്കി. സിറിയയിലെ അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. അമേരിക്കയുടെ നടപടിയെ റഷ്യ കടുത്ത ഭാഷയിൽ വിമർശിച്ചു.

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ യോഗത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. സിറിയയിൽ അമേരിക്ക നടത്തിയ മിസൈലാക്രമണം പൂർണമായും ന്യായമാണെന്ന് നിക്കി ഹേലി അവകാശപ്പെട്ടു. ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു വെള്ളിയാഴ്ചത്തെ ആക്രമണം. ഇത്തരം കൂടുതൽ ആക്രമണങ്ങൾക്ക് സജ്ജമാണ്. അതിന്റെ ആവശ്യം വരില്ലെന്നാണ് പ്രതീക്ഷ ഡോണൾഡ് ട്രംപ് ഭരണത്തിന്റെ നിലപാട് വ്യക്തമാക്കി സ്ഥാനപതി പറഞ്ഞു. പ്രത്യാഘാതമൊന്നുമില്ലാതെ രാസായുധം പ്രയോഗിക്കാൻ സിറിയൻ സർക്കാരിനെ ഇനി അനുവദിക്കില്ലെന്നും ആ കാലം കഴിഞ്ഞെന്നും അവർ പറഞ്ഞു. റഷ്യയുടെ പുനർവിചിന്തനത്തിനായി ലോകം കാത്തിരിക്കുകയാണ്. സിറിയൻ സർക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ നിലപാട് തിരുത്തണമെന്നും ഹേലി ആവശ്യപ്പെട്ടു.

അമേരിക്ക ആക്രമണം തുടർന്നാൽ കൈയും കെട്ടിയിരിക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു റഷ്യയുടെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവും അധിനിവേശവുമാണ് അമേരിക്കയുടെ നടപടിയെന്ന് റഷ്യൻ ഉപസ്ഥാനപതി വ്‌ളാദിമിർ സാഫ്രോൻകോവ് രക്ഷാസമിതിയിൽ ചൂണ്ടിക്കാട്ടി. മേഖലയിലും അന്താരാഷ്ട്രതലത്തിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രാകൃതമായ അധിനിവേശമാണ് അമേരിക്കയുടെ മിസൈലാക്രമണമെന്ന് യുഎന്നിലെ സിറിയൻ ഉപസ്ഥാനപതി മൌൺസെർ മൌൺസെർ പറഞ്ഞു. ഭാവിയിൽ ഭീകരസംഘങ്ങൾക്ക് രാസായുധം പ്രയോഗിക്കാൻ പ്രോത്സാഹനം നൽകുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച പുലർച്ചെ മെഡിറ്ററേനിയനിലെ പടക്കപ്പലുകളിൽനിന്ന് തൊടുത്ത 59 ടോമഹാക്ക് ക്രൂയിസ് മിസൈലുകളിൽ 58 എണ്ണവും സിറിയയുടെ ഷയ്രാത് വ്യോമതാവളത്തിൽ പതിച്ചെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാൽ, റഷ്യ ഇതിനെ ഖണ്ഡിച്ചു. 23 മിസൈലുകൾമാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്നും ശേഷിക്കുന്നവ മറ്റ് മേഖലകളിൽ പതിക്കുകയായിരുന്നെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം ചൂണ്ടിക്കാട്ടി. വ്യോമതാവളത്തിന്റെ ഉപഗ്രഹചിത്രങ്ങളിൽ ഇത് വ്യക്തമാണ്. റൺവേകളൊന്നും തകർന്നിട്ടില്ലെന്നും റോക്കറ്റ് ലോഞ്ചറും റഡാർ സംവിധാനവും സുരക്ഷിതമാണെന്നും ഇതിൽനിന്ന് വ്യക്തമാണ്.

അതേസമയം, ട്രംപ് പ്രസിഡന്റായശേഷം അമേരിക്ക നടത്തിയ ആദ്യ സൈനികനടപടിക്ക് ഏഷ്യയിലെയും യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സഖ്യരാജ്യങ്ങൾപോലും വേണ്ടവിധം പിന്തുണ അറിയിച്ചില്ല. വിമർശം ഉന്നയിച്ചില്ലെങ്കിലും പല രാജ്യങ്ങളും വളരെ ശ്രദ്ധാപൂർവമാണ് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News