പശുസംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാൻ ഷോക്കേറ്റു മരിച്ചതെന്നു ബിജെപി എംഎൽഎ; ഗോ സംരക്ഷകർ ആരെയും കൊന്നിട്ടില്ലെന്നും ഗ്യാൻദേവ് അഹൂജ

ദില്ലി: പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാന്റെ മരണത്തെ നിസ്സാരവത്കരിച്ച് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ. പെഹ്‌ലു ഖാൻ മരിച്ചത് ഷോക്കേറ്റാണെന്നും അഹൂജ പറഞ്ഞു. കേസിൽ പ്രതിചേർക്കപ്പെട്ട പകുതി പേരും നിരപരാധികളാണെന്നും അഹൂജ കൂട്ടിച്ചേർത്തു. സംഭവം നടന്ന അൽവാറിൽ നിന്നുള്ള എംഎൽഎയാണ് അഹൂജ.

പ്രതികളെ ന്യായീകരിച്ചു കൊണ്ടാണ് അഹൂജ രംഗത്തെത്തിയത്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്നവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. വ്യക്തിവിരോധം തീർക്കാൻ പൊലീസുകാർ പശു സംരക്ഷകരെ ഉപദ്രവിക്കുകയാണ്. സംഭവത്തിന്റെ വീഡിയോകളും മറ്റു തെളിവുകളും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നും അഹൂജ ആവശ്യപ്പെട്ടു.

മർദ്ദനമേറ്റാണ് പെഹ്‌ലു ഖാൻ മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരോടു അഹൂജ പറഞ്ഞത് ഡോക്ടർ എന്താണ് എഴുതിപ്പിടിപ്പിച്ചതെന്നു തനിക്ക് അറിയില്ലെന്നായിരുന്നു. അയാൾക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എട്ടു പേർക്കൊപ്പം പെഹ്‌ലു ഖാൻ പശുവിനെ കടത്തുകയായിരുന്നെന്നും അഹൂജ കൂട്ടിച്ചേർത്തു. താൻ അക്രമത്തെ ന്യായീകരിക്കുന്നു എന്നല്ല അതിനർത്ഥമെന്നും അഹൂജ കൂട്ടിച്ചേർത്തു.

പശു സംരക്ഷകൻ എന്ന നിലയിൽ താൻ അഭിമാനിക്കുന്നു. പശു ഒരു മൃഗമല്ല, നമ്മുടെ അമ്മയാണ്. പശുക്കളെ സംരക്ഷിക്കാൻ സ്വന്തം ജീവിതം സമർപ്പിക്കുന്നവരാണ് ആളുകൾ. ഇതൊരു തമാശയല്ല. അതിനാലാണ് താൻ ഗോരക്ഷകരെ പിന്തുണയ്ക്കുന്നെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here