മറയൂർ മലനിരകളിൽ ഓശാനയ്ക്ക് ഒലിവ് ചില്ലകൾ തന്നെ; കേരളത്തിൽ ഓശാനയ്ക്ക് ഒലിവ് ഇലകൾ ഉപയോഗിക്കുന്നത് ഇതാദ്യം

ഇടുക്കി: മറയൂർ മലനിരകളിൽ ഓശാന പെരുന്നാൾ ആഘോഷത്തിനു ഒലിവില പെരുന്നാൾ തന്നെയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഓശാനയ്ക്ക് ഒലിവ് ചില്ലകൾ ഉപയോഗിക്കുന്നത്. ഇടുക്കി രൂപതയ്ക്കു കീഴിലുള്ള മറയൂർ സഹായഗിരി സെന്റ് മേരീസ് ദേവാലയത്തിന്റെ സ്റ്റേഷൻ പള്ളിയായ കാന്തല്ലൂർ വേളാങ്കണ്ണിമാതാ ദേവാലയത്തിലാണ് വിശ്വാസികൾ ഒലിവ് ചില്ലകൾ കൈയ്യിലേന്തിയത്. ഇടവകക്കാരനും കാന്തല്ലൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിലെ കായിക അധ്യാപകനുമായ ജോർജ് ജോസഫ് വീട്ടുവളപ്പിൽ നട്ടുവളർത്തിയ ഒലിവുമരത്തിന്റെ ചില്ലകളാണ് വിശ്വാസികൾക്കായി ദേവാലയത്തിൽ എത്തിച്ചത്.

2013-ലാണ് ജോർജ് ജോസഫിന് ഒലിവ് മരത്തിന്റെ തൈ സുഹൃത്തിൽ നിന്നും ലഭിച്ചത്. പ്രത്യേക പരിചണത്തിലൂടെ വളർത്തിയ ഒലിവ് മരത്തിന് നിലവിൽ 12 അടി ഉയരവും ഉണ്ട്. ജോർജിന്റെ വീട്ടിലെത്തിയ ഇടവകവികാരിയായ ഫാ.ജോസഫ് പൗവ്വത്ത് ഒലിവ് മരം കാണാനിടയാകുകയും ഈ വർഷത്തെ ഓശന ഞായറിൽ ജറുസലേമിലെ ജനങ്ങൾ കൈയ്യിലേന്തിയതുപോലെ ഒലിവ് ചില്ലകൾ തന്നെ വിശ്വാസികൾക്കു നൽകി പ്രദക്ഷണം നടത്തിയാലോ എന്നു ഉടമയോട് ചോദിക്കുകയും ചെയ്തു.

ജോർജും കുടുംബവും അച്ചന്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ചു. ശനിയാഴ്ച വൈകുന്നേരം ഫാ.ജോസഫ് പൗവ്വത്ത്, ഫാ.ജോസഫ് വെട്ടിക്കൽ എന്നിവർ എത്തി മരത്തിനു ദോഷം വരാത്ത രീതിയിൽ ചില്ലകൾ മുറിച്ചെടുത്ത് ദേവാലയത്തിൽ എത്തിച്ച് പ്രദക്ഷിണത്തിനെത്തിയ വിശ്വാസികൾക്ക് നൽകി.

യേശുക്രിസ്തു വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്തു കയറി ജറുസലേമിലേക്കു നടത്തിയ രാജകീയ യാത്രയെ ജനം എതിരേറ്റത് കൈയ്യിലിരുന്ന വസ്ത്രങ്ങൾ വിരിച്ചും ഒലിവുമരത്തിന്റെ ചില്ലകൾ കൈയ്യിലേന്തിയുമാണ്. ഇതിനെ അനുസ്മരിച്ച് വിശ്വാസികൾ ഓശാന ഞായറിൽ അതാത് പ്രദേശത്ത് ഒലിവ് ചില്ലകളുടെ അഭാവത്തിൽ സാധാരണ ദേവാലയങ്ങളിൽ കുരുത്തോലയാണ് ഉപയോഗിച്ചു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News