കോൺഗ്രസിൽ നിന്നു ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് സ്ഥിരീകരിച്ച് ഹസ്സൻ; സ്ഥാനമോഹികളാണ് ബിജെപിയിലേക്കു ചേക്കേറുന്നത്; കേരളത്തിലും ചില ഭാഗ്യാന്വേഷികളുണ്ടെന്നും ഹസ്സൻ

മലപ്പുറം: കോൺഗ്രസിൽ നിന്നു ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സൻ. സ്ഥാനമോഹികളാണ് ബിജെപിയിലേക്കു ചേക്കേറുന്നത്. കേരളത്തിലും ചില ഭാഗ്യാന്വേഷികളുണ്ട്. ബിജെപിയിലേക്കു ചേക്കേറുമെന്നു പ്രചരിപ്പിക്കുന്ന എംപിയുമായി താൻ സംസാരിച്ചതായും ഹസ്സൻ വ്യക്തമാക്കി. മലപ്പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹസ്സൻ.

പകൽ കോൺഗ്രസും രാത്രി ആർഎസ്എസും ആകുന്ന നേതാക്കൻമാർ കോൺഗ്രസിൽ ഉണ്ടെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഒരിക്കൽ പറഞ്ഞത്. ഇതിനു പിന്നാലെ ശശി തരൂർ എംപി ബിജെപി പാളയത്തിലേക്കു ചേക്കേറുന്നതായി ഈയടുത്ത് വാർത്ത പരന്നു. ഇതാണ് ഹസ്സന്റെ വാക്കുകളിൽ സൂചിപ്പിച്ച എംപി. എന്നാൽ, ഇക്കാര്യം ശശി തരൂർ സമ്മതിച്ചിരുന്നു.

മുൻ കേന്ദ്രമന്ത്രിയായ എസ്.എം കൃഷ്ണ കഴിഞ്ഞയാഴ്ച കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കർണാടകയിൽ നിന്നുള്ള എസ്.എം കൃഷ്ണയാണ് ഒരിടവേളയ്ക്കു ശേഷം കർണാടകയിൽ കോൺഗ്രസിനു അധികാരം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. ഇത് അദ്ദേഹത്തിനു കേന്ദ്രമന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി സ്ഥാനം വരെ നേടിക്കൊടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here