വെള്ളാപ്പള്ളിയുടെ കോളജിൽ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു; കയ്യിലെ ഞരമ്പ് മുറിച്ചത് തിരുവനന്തപുരം സ്വദേശി ആർഷ്; കോളജിലേക്കു എസ്എഫ്‌ഐ മാർച്ച്

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളജിൽ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു. കായംകുളം കട്ടച്ചിറയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി കോളജ് ഓഫ് എൻജിനീയറിംഗിലെ വിദ്യാർത്ഥിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. മാനേജ്‌മെന്റിന്റെ കടുത്ത പീഡനമാണ് തിരുവനന്തപുരം സ്വദേശിയായ ആർഷ് എന്ന വിദ്യാർത്ഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഹോസ്റ്റൽ മുറിക്കുള്ളിൽ ഞരമ്പ് മുറിച്ച നിലയിൽ കൂട്ടുകാരാണ് ആർഷിനെ കണ്ടെത്തിയത്. ആർഷിന്റെ ആത്മഹത്യാ കുറിപ്പ് മുറിക്കുള്ളിൽ നിന്നു കണ്ടെത്തി. ഇതിൽ മാനേജ്‌മെന്റ് പീഡനത്തെ കുറിച്ചുള്ള സൂചനകളുണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിക്കാനായി കഴുത്തിൽ കുരുക്കിടാൻ ഒരുങ്ങവേയാണ് സഹപാഠികളിൽ ഒരാൾ ആർഷിനെ കണ്ടെത്തിയത്. പിന്നീട് ഈ കുട്ടി ബഹളം വച്ചതിനെ തുടർന്ന് മറ്റു കുട്ടികളും ഓടിയെത്തി മുറി തുറന്ന് ആർഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹോസ്റ്റലിലെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം.

ആർഷും മറ്റൊരു വിദ്യാർത്ഥിയും കഴിഞ്ഞദിവസം പ്രിൻസിപ്പലിന്റെ അനുമതിയോടെ ഹോസ്റ്റലിൽ നിന്നു പുറത്തുപോയി ഭക്ഷണം കഴിച്ചതാണ് പുതിയ പ്രശ്‌നങ്ങൾക്കു കാരണം. പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങി ഒട്ടുമിക്ക വിദ്യാർത്ഥികളും ഭക്ഷണം പുറത്തുപോയി കഴിക്കാറുണ്ട്. എന്നാൽ, ആർഷ് ഭക്ഷണം കഴിച്ചത് മാനേജ്‌മെന്റ് വലിയ കുറ്റമായി കണ്ടു. പുറത്തുനിന്ന് ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ വിദ്യാർത്ഥികളെ മുഴുവൻ പ്രിൻസിപ്പൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ആർഷിനോടും സുഹൃത്തിനോടും ഹോസ്റ്റൽ ഒഴിഞ്ഞു പോകാൻ നിർബന്ധിച്ചു. മാത്രമല്ല ഇവരുടെ രക്ഷകർത്താക്കളെ വിളിച്ചു വിവരം പറയുകയും ചെയ്തു.

ഭക്ഷണപ്രശ്‌നം മാത്രമല്ല വിദ്യാർത്ഥികളുടെ തലയിൽ ചെയ്യാത്ത കുറ്റങ്ങൾ വെച്ചുകെട്ടി പൊടിപ്പു തൊങ്ങലും ചേർത്താണ് പ്രിൻസിപ്പൽ അവതിപ്പിച്ചത്. ഇതോടെ നിരാശരായ മാതാപിതാക്കൾ ആർഷിനെ വിളിച്ച് ശകാരിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തു. ഇതു ആർഷിനു ഏറെ മാനസിക വിഷമം ഉണ്ടാക്കിയതായി സുഹൃത്തുക്കൾ പറയുന്നു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന.

വാർത്ത പുറത്തുവന്നതോടെ എസ്എഫ്‌ഐ കോളജിലേക്കു മാർച്ച് നടത്തി. കോളജിനെതിരെ സമരം ശക്തമാക്കുമെന്നു സിപിഐഎം ആലപ്പു‍ഴ ജില്ലാ കമ്മിറ്റി അറിയിച്ചു. ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥി ആര്‍ഷിനെ നേതാക്കള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News