വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം: വെള്ളാപ്പള്ളി നടേശന്‍ കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ കേസ്: കോളേജിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍

ആലപ്പുഴ: വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെയും പ്രിന്‍സിപ്പലിനെതിരെയും പൊലീസ് കേസെടുത്തു. കോളേജിനെതിരെ പരാതികളുമായി കൂടുതല്‍ വിദ്യാര്‍ഥികളും രംഗത്തെത്തുന്നുണ്ട്. ഇതിനിടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കറ്റാനം കോളേജിലെ രണ്ടാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവിതം മടുത്തുവെന്നും കോളേജ് അധികൃതരുടെ പീഡനം സഹിക്കാന്‍ വയ്യെന്നുമുള്ള കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

വിദ്യാര്‍ഥി കായംകുളം ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് കോളേജിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളേജ് ക്യാന്റീനിലെ ഭക്ഷണം മോശമായതിനെ തുടര്‍ന്ന് പുറത്തു പോയി ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ എത്താന്‍ വൈകിയതാണ് പ്രിന്‍സിപ്പലിനെ പ്രകോപിതനാക്കിയത്. പുറത്ത് പോയി ഭക്ഷണം കഴിച്ച മുഴുവന്‍ കുട്ടികളുടെ വീട്ടിലും പ്രിന്‍സിപ്പല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു.

കോളേജ് ക്യാന്റീനിലെ ഭക്ഷണത്തില്‍ പല്ലിയേയും ഫ്രിഡ്ജിനുമുകളില്‍ പൂച്ചകാഷ്ടവും കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സൗകര്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ നിലപാട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി പുറത്തു പോയാണ് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിദ്യാര്‍ഥികള്‍ ക്ലാസിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് വിദ്യാര്‍ഥി ആത്ഹത്യയ്ക്ക് ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News