മോഡലിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; കൊലപ്പെടുത്തിയത് മതതീവ്രവാദികളെന്ന് ആരോപണം

മാലിദ്വീപില്‍ നിന്നുള്ള മോഡല്‍ റൗദ ആതിഫിന്റെ മരണം ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍. സഹോദരന്‍ റയാനാണ് റൗദയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും റയാന്‍ ആരോപിക്കുന്നു. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണരീതി പിന്തുടരാത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ സംശയം.

ബംഗ്ലാദേശിലെ ഇസ്ലാമി ബാങ്ക് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന റൗദയെ മാര്‍ച്ച് 29നാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് റൗദയുടെ പിതാവ് ഡോ.മുഹമ്മദ് ആതിഫും പറയുന്നു. റൗദയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോളേജില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി.

ആഴ്ചകള്‍ക്ക് മുമ്പ് ഭക്ഷണത്തില്‍ മായം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നെന്ന് റൗദ കുടുംബത്തോട് പറഞ്ഞിരുന്നതായി സഹോദരനും പിതാവും ആരോപിക്കുന്നു. മാലദ്വീപ് പൊലീസ് ഇക്കാര്യത്തില്‍ ബംഗ്ലാദേശിലെ കോളജുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൗദ ആത്മഹത്യ ചെയ്തതാവില്ലെന്നാണ് കരുതുന്നതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അമീന്‍ ഹുസൈന്‍ പറഞ്ഞു.

2016 ഒക്ടോബറില്‍ പുറത്തിറങ്ങിയ വോഗ് മാഗസിനിന്റെ മോഡലായതോടൊണ് റൗദ ശ്രദ്ധേയയായത്. ആറ് യുവതികള്‍ക്കൊപ്പമുളള ചിത്രത്തില്‍ അക്വാ ബ്ലൂ കണ്ണുകളുള്ളവള്‍ എന്നായിരുന്നു റൗദയുടെ വിശേഷണം.

Raudha-Athif-3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here