ഇത് നീതിയുടെ വിജയമെന്ന് ജിഷ്ണുവിന്റെ കുടുംബം: പിന്തുണച്ച സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി: ഷാജഹാനെയും തോക്ക് സ്വാമിയെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടില്ല; പൊലീസ് അന്വേഷണത്തില്‍ സംതൃപ്തി; നിരാഹാരസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തിയ നിരാഹാരം അവസാനിപ്പിച്ചു. മഹിജയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സംഭാഷണത്തെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സമരം അവസാനിപ്പിച്ചതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് അറിയിച്ചു.

ജിഷ്ണുവിന്റെ മരണത്തില്‍ ശരിയായ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു. ഇത് നീതിയുടെ വിജയമാണ്. പൊലീസ് ആസ്ഥാനത്ത് നടന്ന സമരത്തിലേക്ക് കെഎം ഷാജഹാനെയും തോക്ക് സ്വാമിയെയും ക്ഷണിച്ചിട്ടില്ല. അവര്‍ എത്തിയത് ക്ഷണിക്കാതെയാണ്. ഷാജിര്‍ ഖാന്റെയും ഭാര്യയുടെയും സഹായം തേടിയിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു. കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും തങ്ങളെ പിന്തുണച്ച ഇടതുസര്‍ക്കാരിനോടും കേരളത്തിലെ ജനങ്ങളോടും നന്ദിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എ വി സോഹന്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനുവുമായും മഹിജയും ബന്ധുക്കളും ചര്‍ച്ചനടത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹിജയെ നേരിട്ട് ഫോണില്‍ വിളിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പൊലീസ് ആസ്ഥാനത്ത് ഉണ്ടായ സംഭവത്തെ കുറിച്ച് മഹിജ നല്‍കിയ പരാതി പരിശോധിക്കുമെന്നും പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിഷ്ണ വളയത്തെ വീട്ടിലുമാണ് നിരാഹാരം കിടന്നത്. പ്രതികളെ പിടികുടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തേക്ക് എത്തിയ കുടുംബത്തിനിടയിലേക്ക് ഒരു സംഘമാളുകള്‍ നുഴഞ്ഞുകയറിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതോടെ നുഴഞ്ഞുകയറിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മഹിജ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്നാണ് മഹിജ നിരാഹാരം തുടങ്ങിയത്. മറ്റ് ബന്ധുക്കളും അനുഭാവ നിരാഹാരം തുടങ്ങി. സംഭവമറിഞ്ഞ് മഹിജയുടെ മകള്‍ നാട്ടിലും നിരാഹാരം തുടങ്ങുകയായിരുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ, പൊലീസ് ഇന്ന് ഉച്ചയോടെ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായിരുന്നു. സുഹൃത്തിന്റെ ഫാം ഹൗസില്‍ നിന്നാണ് ശക്തിവേല്‍ അറസ്റ്റിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ പ്രവീണ്‍, വിപിന്‍ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News