പെഹ്‌ലു ഖാനെ തല്ലിക്കൊന്ന പശു സംരക്ഷകരെ രക്ഷിക്കാൻ രാജസ്ഥാൻ പൊലീസ്; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുന്നില്ല; ഖാന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ദില്ലി: ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവർത്തകർക്കെതിരെ കൊലപാതകക്കുറ്റം ചുമത്താതെ രാജസ്ഥാൻ പൊലീസ്. ക്ഷീരകർഷകൻ കൊല്ലപ്പെട്ടത് മർദ്ദനമേറ്റാണെന്ന മെഡിക്കൽ റിപ്പോർട്ട് പൊലീസ് പരിഗണിച്ചില്ല. പെഹ്‌ലു ഖാന്റെ ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റിരുന്നതായും ഇതാണ് മരണകാരണമെന്നും തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് പീപ്പിൾ ടിവിക്ക് ലഭിച്ചു.

പതിനാറിലധികം ഗോരക്ഷാ പ്രവർത്തകരാണ് കശാപ്പ് ചെയ്യാൻ പശുക്കളെ കടത്തിയെന്ന് ആരോപിച്ച് കറവപശുക്കളെ വാങ്ങി മടങ്ങിയ ക്ഷീരകർഷകരെ മർദ്ദിച്ചത്. മർദ്ദനമേറ്റു ഹരിയാന സ്വദേശിയായ ക്ഷീരകർഷകൻ പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടിട്ടും പ്രതികൾക്കെതിരെ കൊലക്കുറ്റം പൊലീസ് ചുമത്തിയിട്ടില്ല. മൂന്നു പേരെ മാത്രമാണ് ഇതുവരെ രാജസ്ഥാൻ പൊലീസ് പിടികൂടിയതും.

മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പൊലീസ് പരിശോധിച്ചിട്ടു പോലുമില്ല. കറവ പശുക്കളെയാണു വാങ്ങിയതെന്ന് ജയപൂർ മുൻസിപ്പൽ കൗൺസിൽ സാക്ഷ്യപെടുത്തിയ രേഖയും പൊലീസ് പരിഗണിച്ചിട്ടില്ല.

കൂടാതെ ആക്രമണത്തിനു ഇരയായ കർഷകർക്ക് എതിരെ പശുക്കളെ അറവുശാലയിലേക്ക് കടത്തി കൊണ്ടു പോയി എന്നാരോപിച്ച് കേസും ചുമത്തി. ഇതു വരെയുളള പൊലീസ് നീക്കം പുനഃപരിശോധിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നെങ്കിലും നടപടി എങ്ങും എത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News