ചെന്നൈ: ചെന്നൈ ആർ.കെ നഗറിൽ ജയലളിതയുടെ നിര്യാണത്തെ തുടർന്ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു. ബുധനാഴ്ച നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. പുതിയ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വോട്ടർമാർക്ക് വ്യാപകമായി പണം നൽകി സ്വാധീനിക്കാൻ ഭരണകക്ഷിയായ എഐഎഡിഎംകെ ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തി.
തെരഞ്ഞെടുപ്പ് റദ്ദാക്കാൻ ശുപാർശ ചെയ്തു കൊണ്ട് വരണാധികാരിയും പണം നൽകിയെന്നു തെളിയിക്കുന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടും തെരഞ്ഞെടുപ്പ് കമ്മിഷനു ലഭിച്ചിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. ആദായനികുതി വകുപ്പ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ വോട്ടർമാർക്ക് കോടികൾ നൽകാൻ പണമൊഴുക്കിയതിന്റെ രേഖകൾ കണ്ടെത്തിയിരുന്നു. ഓരോ വോട്ടർക്കും 4000 രൂപ വീതം നൽകുന്നതിന് 89 കോടി രൂപ വിതരണം ചെയ്തതതിന്റെ വിശദാംശങ്ങളും രേഖകളും മന്ത്രി വിജയഭാസ്‌കറിന്റെ വസതിയിൽ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു.
അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടി.ടി.വി ദിനകരനാണ് ഇവിടെ എഐഎഡിഎംകെക്കായി മത്സരിക്കുന്നത്. വിമതവിഭാഗത്തെ പ്രധാനിയായ ഇ.മധുസൂദനനെയാണ് പനീർസെൽവം വിഭാഗം സ്ഥാനാർഥിയാക്കിയത്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മത്സരരംഗത്തുണ്ട്. എം മരുതുഗണേഷാണ് ഡിഎംകെ സ്ഥാനാർഥി.

Get real time update about this post categories directly on your device, subscribe now.