ഒളിവിൽ കഴിയാൻ സഹായിച്ചത് കൃഷ്ണദാസ് എന്നു ശക്തിവേലിന്റെ മൊഴി; ഒളിവിലിരിക്കുമ്പോൾ കൃഷ്ണദാസിനെ സന്ദർശിച്ചു; കൃഷ്ണദാസിനെ വീണ്ടും ചോദ്യം ചെയ്യും

തൃശ്ശൂർ: ജിഷ്ണു കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി ശക്തിവേലിനെ ഒളിവിൽ പാർപ്പിച്ചത് നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് എന്നു തെളിഞ്ഞു. ശക്തിവേൽ തന്നെയാണ് ഇക്കാര്യം പൊലീസിനു മൊഴി നൽകിയത്. ഒളിവിൽ കഴിയാൻ തന്നെ സഹായിച്ചത് കൃഷ്ണദാസ് ആയിരുന്നെന്നു ശക്തിവേൽ മൊഴി നൽകി. ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ കൃഷ്ണദാസിനെ സന്ദർശിച്ചിരുന്നെന്നും ശക്തിവേൽ മൊഴി നൽകിയിട്ടുണ്ട്.

തനിക്കു വേണ്ട നിയമസഹായങ്ങൾ ചെയ്തിരുന്നത് കൃഷ്ണദാസ് ആയിരുന്നെന്നും ശക്തിവേൽ മൊഴി നൽകിയിട്ടുണ്ട്. ജിഷ്ണുവിനെ മർദ്ദിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശക്തിവേൽ അറിയിച്ചു. എന്നാൽ കോപ്പിയടി സർവകലാശാലയിലേക്ക് റിപ്പോർട്ട് ചെയ്താൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജിഷ്ണുവിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക സംഘർഷത്തെത്തുടർന്നായിരിക്കും ജിഷ്ണു മരിച്ചതെന്നുമാണ് ശക്തിവേൽ പറഞ്ഞത്.

അഞ്ചു മണിക്കൂറിൽ അധികമാണ് പൊലീസ് ശക്തിവേലിനെ ചോദ്യം ചെയ്തത്. ഇതിനു ശേഷമാണ് പുലർച്ചെയോടെ ഇയാളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൃഷ്ണദാസിനേയും പിആർഒ സഞ്ജിത്ത് വിശ്വനാഥനേയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. അതേസമയം നാലാം പ്രതിയായ പ്രവീണിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. ഇയാൾ നാസിക്കിൽ ഉണ്ടെന്ന നിഗമനത്തിൽ പൊലീസ് അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.

ഒളിവിലായിരുന്ന വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂരിലെ കിനാവൂരിൽ നിന്നാണ് മൂന്നാം പ്രതിയായ ശക്തിവേലിനെ അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നായിരുന്നു അറസ്റ്റ്.

തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവെ ശക്തിവേൽ അച്ഛനെ വിളിച്ചിരുന്നു. ഇതാണ് അറസ്റ്റിന് വഴിവച്ചത്. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്.

നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേൽ, പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അധ്യാപകൻ സി.പി പ്രവീൺ, ജീവനക്കാരൻ വിപിൻ എന്നിവരാണ് കേസിലെ പ്രതികൾ. പ്രവീണിനെയും വിപിനെയും ഇനിയും പിടികൂടാനുണ്ട്. മുൻകൂർ ജാമ്യമുള്ളതിനാൽ കൃഷ്ണദാസിനെയും സഞ്ജിത് വിശ്വനാഥനെയും വിട്ടയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News