വയനാട്: വയനാട്ടിൽ വർധിച്ച താപനില വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകുന്നു. താപനിലയുടെ ക്രമാനുഗതമായ വർധന ആശങ്കയോടെയാണ് വിനോദസഞ്ചാരികൾ കാണുന്നത്. വയനാടിന്റെ തനതായ കുളിരും മഞ്ഞുമാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട കാര്യങ്ങൾ. ഇവ നഷ്ടപ്പെടുന്നത് ടൂറിസം മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണുണ്ടാക്കുന്നത്. ജില്ലയിലെ നിലവിലെ ശാരാശരി താപനില 32.5 ഡിഗ്രി സെൽഷ്യസാണ്. ഏഴുവർഷം മുമ്പ് ഇത് 27 ഡിഗ്രി സെൽഷ്യസായിരുന്നു. വനംവകുപ്പ് ഇക്കോ ടൂറിസം സെന്ററുകൾ കാട്ടുതീ ഭീതികാരണം അടച്ചുപൂട്ടിയത് ടൂറിസ്റ്റുകളെ പിന്നോട്ടടിപ്പിക്കുകയാണ്.

കാർഷികരംഗം കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും വലിയ വരുമാന മാർഗം ടൂറിസം മേഖലയാണ്. പൂക്കോട് തടാകം, കുറുവ ദ്വീപ്, ബാണാസുര സാഗർ, എടക്കൽ ഗുഹ, കർലാട് തടാകം എന്നിവയാണ് നിലവിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ. മാർച്ചിൽ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവാണ് ഈ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. പകൽസമയങ്ങളിലെ കനത്ത ചൂട് ടൂറിസം സീസണായിട്ടും സഞ്ചാരികളെ പിറകോട്ടടിപ്പിക്കുകയാണ്. ഉച്ചസമയങ്ങളിൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് ചൂട് കൂടി.

മുത്തങ്ങ, തോൽപ്പെട്ടി, ചെമ്പ്ര, സൂചിപ്പാറ എന്നിവിടങ്ങളിലെ പ്രവേശനം കാട്ടുതീ ഭയംകാരണം നിരോധിച്ചതും മീൻമുട്ടി അടച്ചതും സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി. കുറുവ ദ്വീപാണങ്കിൽ ഉച്ചവരെയാണുണ്ടാവുക. മദ്യനിരോധനം, രാത്രിയാത്രാ നിരോധനം, നോട്ട് നിരോധനം എന്നിവയും ടൂറിസ്റ്റുകളെ കുറച്ചു. ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികളിൽ വലിയ കുറവാണിപ്പോൾ അനുഭവപ്പെടുന്നത്. സെപ്തംബർ മുതൽ നവംബർ വരെയും മാർച്ച് മുതൽ ഏപ്രിൽ വരെയുമാണ് ജില്ലയിലെ പ്രധാന ടൂറിസം ടൂറിസം സീസൺ.

മിക്ക ടൂറിസം കേന്ദ്രങ്ങളും രാവിലെ പത്തോടെയാണ് തുറക്കുന്നത്. പതിനൊന്നാവുമ്പോഴേക്കും അസഹനീയമായ ചൂട് തുടങ്ങും. ഉച്ചയാവുമ്പോഴേക്കും വരുന്നവർ മടങ്ങുകയാണ്. മാർച്ച് ഒന്നു മുതൽ 31 വരെ പൂക്കോട് തടാകത്തിൽ എത്തിയത് 43,807 പേരാണ്. കഴിഞ്ഞ മാർച്ചിൽ അമ്പതിനായിരത്തോളം പേർ എത്തിയ സ്ഥാനത്താണിത്. എടക്കലിൽ മാർച്ചിൽ എത്തിയത് 20,031 പേരാണ്. കഴിഞ്ഞ മാർച്ചിൽ ഇത് ഇരുപത്തിമൂവായിരത്തിനടുത്തായിരുന്നു. ജില്ലയിലെ റിസോർട്ടുകളിലും മറ്റ് താമസ കേന്ദ്രങ്ങളിലും സാധാരണയായുള്ളതിൽനിന്നും 22 ശതമാനം വരെ ബുക്കിങ് കുറവുണ്ടെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.