നാലു കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്; കൂട്ടത്തിൽ ഒരു മുൻ സംസ്ഥാന മന്ത്രിയും മുൻ കേന്ദ്രമന്ത്രിയും; നേതാക്കൾ പലതവണ ബിജെപിയുമായി കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം മലപ്പുറം തെരഞ്ഞെടുപ്പിനു ശേഷം

തിരുവനന്തപുരം: നാലു പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു ചേക്കേറുന്നതായി സൂചന. ഇക്കാര്യത്തിൽ ഈ നാലു കോൺഗ്രസ് നേതാക്കളും ബിജെപിയുമായി പലവട്ടം ചർച്ച നടത്തിയതായി അറിയുന്നു. ഒരു മുൻ സംസ്ഥാന മന്ത്രിയും മുൻ കേന്ദ്രമന്ത്രിയും ഒരു മുൻ എംപിയും നിലവിൽ എംപി ആയിട്ടുള്ള ഒരു നേതാവും അടക്കം നാലു പേരാണ് ബിജെപിയിലേക്കു ചേക്കേറാൻ കാത്തിരിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇന്നലെ കെപിസിസി അധ്യക്ഷൻ എംഎം ഹസനാണ് കോൺഗ്രസിൽ നിന്നു ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് സ്ഥിരീകരിച്ചു പ്രസ്താവന നടത്തിയത്. ഇതിനു തൊട്ടുപിന്നാലെ ആ നേതാക്കളുടെ പേരു വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഒരാൾ തിരുവനന്തപുരം എംപിയാണെന്നും അയാളുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നുമാണ് ഹസൻ പറഞ്ഞത്. നാലുപേരിൽ ഒരാൾ ശശി തരൂർ എന്നാണ് ഹസൻ ഇതിലൂടെ വ്യക്തമാക്കിയത്.

ഏറെക്കാലമായി തരൂർ കോൺഗ്രസ് നിലപാടുകളോടു വിയോജിച്ചു നിൽക്കുന്ന ആളാണ്. താൻ ബിജെപിയിലേക്കില്ലെന്നു ആവർത്തിച്ച് ആണയിടുമ്പോഴും കഴിഞ്ഞദിവസം ഹസൻ ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ അതിനെ ആദ്യം എതിർത്തത് തരൂരായിരുന്നു. കുറച്ചുകാലമായി തരൂർ സ്വീകരിക്കുന്ന സമീപനം സംശയകരമാണെന്ന വാർത്തകൾക്കും ഇത് ആക്കം കൂട്ടി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഒരാൾ തരൂർ ആണെന്നിരിക്കെ മറ്റു മൂന്നു പേരുടെ പേരും വെളിപ്പെടുത്തണമെന്നു കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തിലെ കോൺഗ്രസിൽ പകൽ കോൺഗ്രസും രാത്രി ആർഎസ്എസും ആകുന്ന ആളുകൾ ഉണ്ടെന്നു പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി തന്നെ ആയിരുന്നു. ഈ പ്രതികരണത്തിനു സ്ഥിരീകരണം കൊടുക്കുന്ന പ്രസ്താവനയാണ് ഇപ്പോൾ ഹസനിൽ നിന്നുണ്ടായതും. ദേശീയതലത്തിൽ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് പോകുന്നവരുടെ എണ്ണം കൂടുമ്പോഴും കഴിഞ്ഞ ദിവസം മലപ്പുറത്ത് ആന്റണി നടത്തിയ പ്രതികരണം ലാഘവത്തോടെയായിരുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കൾ പഴയ കോൺഗ്രസ് നേതാക്കളാണെന്ന് പറഞ്ഞ് ബിജെപിയിലേക്കുള്ള ഒഴുക്കിനെ ന്യായീകരിക്കുകയായിരുന്നു ആന്റണി.

മുൻമുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായ നിരവധിപേർ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിന്റെ പരിതാപകരമായ അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. കൊഴിഞ്ഞ് പോക്ക് തടയാൻ സാധിക്കാത്തത് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നത്. രാഹുൽ ഗാന്ധിയിൽ കോൺഗ്രസ് നേതാക്കൾക്ക് വിശ്വാസമില്ലാതായി.

ആർഎസ്എസ് നേതാവായ മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ട ജാഫർ ഷെരീഫിനെതിരെ നടപടിയെടുക്കാൻ നേതൃത്വത്തിന് സാധിക്കുന്നില്ല. ഇത്തരത്തിലുള്ള കോൺഗ്രസിന് എങ്ങിനെ മതനിരപേക്ഷത സംരക്ഷിക്കാനാകും. ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ കോൺഗ്രസ് എതിർക്കുന്നില്ല. ബാബ്‌റി മസ്ജിദ് കേസ് മധ്യസ്ഥശ്രമത്തിലൂടെ പരിഹരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ ആർഎസ്എസും കോൺഗ്രസും ഒരേപോലെ സ്വാഗതംചെയ്തു. ഇത്തരം നിലപാട് തിരുത്താത്തിടത്തോളം കോൺഗ്രസിന് വർഗീയതക്കെതിരെ പോരാടാനാകില്ലെന്ന് കോടിയേരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News