ബീഫ് കഴിക്കുന്നത് ഭക്ഷണ സ്വാതന്ത്ര്യമല്ലെന്നു സംഘപരിവാർ ബൗദ്ധികാചാര്യൻ; പശുവിനെ തന്നെ തിന്നണമെന്ന് എന്താണ് നിർബന്ധമെന്നും പി.പരമേശ്വരൻ

ബീഫ് കഴിക്കുന്നത് ഭക്ഷണ സ്വാതന്ത്ര്യമല്ലെന്നു സംഘപരിവാർ ബൗദ്ധികാചാര്യൻ പി.പരമേശ്വരൻ. പശുവിനെ മാതൃഭാവത്തിലാണ് നാം കാണുന്നത്. പശുവിനെത്തന്നെ തിന്നണമെന്ന് എന്താണ് വാശിയെന്നും പി.പരമേശ്വരൻ ചോദിച്ചു. മലപ്പുറം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നൽകിയ അഭിമുഖത്തിലാണ് ഗോമാതാ അജണ്ട ഉയർത്തിപ്പിടിച്ച് പി.പരമേശ്വരൻ വിവാദത്തിനു വീണ്ടും തീകൊടുക്കുന്നത്.

‘വേറെ എന്തെല്ലാം ഭക്ഷ്യവസ്തുക്കൾ ഭൂമിയിലുണ്ട്? പശുവിനെത്തന്നെ തിന്നണമെന്ന് വാശിപിടിക്കേണ്ടതുണ്ടോ?’ പശുവിറച്ചി തിന്നുന്നവരോട് അദ്ദേഹം ചോദിക്കുന്നു. കേരളശബ്ദത്തിനു നൽകിയ നവതി അഭിമുഖത്തിലാണ് പി.പരമേശ്വരന്റെ പരാമർശങ്ങൾ. മലപ്പുറം തെരഞ്ഞെടുപ്പു മുൻനിർത്തി ബീഫ് പ്രശ്‌നത്തിലെ അഭിപ്രായപ്രകടനങ്ങൾ സംഘപരിവാർ കേരളത്തിൽ മയപ്പെടുത്തിയിരുന്നു. കേരളത്തിലും പശുവിനെ കൊല്ലാൻ അനുവദിക്കില്ലെന്ന ഒരു ചാനൽ പരിപാടിയിലെ കെ.സുരേന്ദ്രന്റെ പരാമർശം വിവാദമായപ്പോൾ താൻ ജയിച്ചാൽ ആവശ്യക്കാർക്ക് പശുവിറച്ചി വീട്ടിലെത്തിക്കുമെന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശ് ഒരു പടി കടത്തിപ്പറഞ്ഞു.

അതു പുലിവാലായതോടെയാണ് സംഘപരിവാർ നേതാക്കൾ കേരളത്തിൽ ബീഫ് ഒരു വിഷയമല്ലെന്ന നിലപാടിലേക്കെത്തിയത്. മലപ്പുറം തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപി കൈക്കൊണ്ട ആ നിലപാടാണ് പി.പരമേശ്വരന്റെ മറയേതുമില്ലാത്ത അഭിപ്രായപ്രകടനത്തോടെ തകർന്നുവീണത്. ‘നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി ദീർഘവീക്ഷണത്തോടെ പദ്ധതികൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കിലും സംഘടനയിലെ ചിലർ ബാലിശമായ വിവാദങ്ങളുയർത്തി തെറ്റായ സന്ദേശം നൽകുന്നില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ബീഫ് വിവാദം പോലുള്ള ഭക്ഷ്യസ്വാതന്ത്ര്യ പ്രശ്‌നമാണ് വിവക്ഷിക്കുന്നത്’ എന്ന ചോദ്യത്തിന്റെ അവസാനഭാഗത്തിൽ നിന്നു തുടങ്ങി, ‘ബീഫ് വിവാദത്തെ ഭക്ഷണസ്വാതന്ത്ര്യ പ്രശ്‌നമായി കണക്കാക്കരുത്’ എന്നും പി.പരമേശ്വരൻ പറഞ്ഞു.

‘ഒരു ജനതയുടെ സംസ്‌കാരവും ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ് ആ നാടിന്റെ ഭക്ഷണശീലങ്ങളും. പശുവിനെ മാതൃഭാവത്തിലാണ് പരമ്പരാഗതമായി നാം സങ്കൽപിക്കുന്നത്. ഗോമാതാവ് എന്നു പറയുന്നതു തന്നെ അതിന്റെ ഭാഗമാണ്.’ അദ്ദേഹം വിശദീകരിച്ചു. തുടർന്നാണ്, ‘വേറെ എന്തെല്ലാം ഭക്ഷ്യവസ്തുക്കൾ ഭൂമിയിലുണ്ട്? പശുവിനെത്തന്നെ തിന്നണമെന്ന് വാശിപിടിക്കേണ്ടതുണ്ടോ?’ എന്ന് പശുവിറച്ചി തിന്നുന്നവരെ പരമേശ്വരൻ തുറന്നാക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News