രമണീയം ഈ കാലം; ജപ്പാനിൽ ചെറിപ്പൂക്കളുടെ ഉത്സവം; മണ്ണിലും മരത്തിലും പൂക്കൾ മാത്രം

ജപ്പാനിൽ ഇപ്പോൾ ചെറിപ്പൂക്കളുടെ ഉത്സവകാലമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ജാപ്പനീസ് കവി കൊബായാഷി ഇസ്സായുടെ ഹൈക്കു ഇങ്ങനെയാണ് ‘നമുക്ക് ചെറിപ്പൂക്കളുടെ ചുവട്ടിലേക്ക് പോകാം, അവിടെ നമുക്ക് പ്രിയപ്പെടാത്തവരായി ആരുമില്ല’. അതായത് എല്ലാവരെയും ചേർത്തുകെട്ടി നിർത്തുന്ന ഒരേയൊരു വികാരം അത് ഈ പൂക്കാലം മാത്രം. ജപ്പാനിലെ പാതയോരങ്ങളിലും പറമ്പുകളിലും ഉദ്യാനങ്ങളിലും നഗരപ്രാന്തങ്ങളിലുമെല്ലാം ഇതു ചെറിമരങ്ങളുടെ പൂക്കാലമാണ്. വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് ഞാൻ നിന്നോട് ചെയ്യുന്നുവെന്ന് പാടി പ്രണയികൾ ഈ പൂക്കാലത്തിന് ചുവടെയിരുന്ന് നെരൂദയെ മൂളുന്നുണ്ടോ എന്നറിയില്ല. പക്ഷേ അവർ മാട്‌സ്വോ ബാഷോയുടെ ഈ വരികൾ പാടുമെന്ന് തീർച്ചയാണ് ‘നമ്മുടെ രണ്ട് ജീവിതങ്ങൾക്കിടയിൽ നമുക്ക് ചെറിപ്പൂക്കാലത്തിൻറെ മറ്റൊരു ജീവിതം കൂടിയുണ്ട്’.

Cherry 1

ജപ്പാൻകാരുടെ ജീവിതത്തിൽ നിന്ന് ചെറിപ്പൂക്കളെ മായ്ച്ചു കളയാനാവില്ല. അവരുടെ മണ്ണിന്റെയും വിണ്ണിന്റെയും അലങ്കാരം മാത്രമല്ല ചെറിപ്പൂക്കളുടെ വസന്തം. അവരുടെ കവിതയിലും സംഗീതത്തിലും സിനിമയിലും സൗഹൃദത്തിലും സംസാരങ്ങളിലുമെല്ലാം വെള്ളയും പിങ്കും കലർന്ന ചെറിപ്പൂക്കൾ ഉതിർന്ന് വീണു കിടക്കുന്നു. സക്കൂറ എന്നാണ് ജപ്പാൻകാർ ചെറിപ്പൂക്കളുടെ ഈ വസന്തകാലത്തെ വിളിക്കുന്നത്. ജപ്പാൻകാരുടെ ഉത്സവങ്ങളെല്ലാം കൊടിയേറുന്നത് ഈ പൂക്കാലത്താണ്. പൂത്തു കഴിഞ്ഞാൽ പത്തു ദിവസം വരെ ചെറിപ്പൂക്കൾ നിറവും മണവും പരത്തും.

Cherry 3

ഏതാണ്ട് അറുന്നൂറു തരം ചെറിപ്പൂക്കളുണ്ടെന്നാണ് കണക്ക്. ഈ മരങ്ങൾക്ക് വസന്തകാലത്ത് പ്രത്യേക പരിചരണത്തിനായി സർക്കാർ ജീവനക്കാരെ നിയമിക്കും. പട്ടാളം തന്നെ ചില സ്ഥലങ്ങളിൽ ചെറിമരത്തിന് കാവൽ നിൽക്കാറുണ്ട്. മരത്തിൽ മാത്രമല്ല മാർക്കറ്റിലും ചെറി നിറഞ്ഞ് നിൽക്കും. ചെറിയുടെ പലഹാരങ്ങളും പാനീയങ്ങളും മദ്യവും ധാരാളമായി കിട്ടുന്ന കാലം. മുതിർന്നവർ കുഞ്ഞുങ്ങളുടെ കൈപിടിച്ച് ചെറിപ്പൂക്കളുടെ കൗതുകങ്ങളിലേക്ക് നടക്കും. പ്രേമിക്കുന്നവർ പാർക്കുകളിലെ തണലുകളിലേക്ക് മറയും. പാർട്ടി മൂഡിലാകും ഏതാണ്ട് എല്ലാ ജപ്പാൻകാരും. പിക്ക്‌നിക്ക് സംഘങ്ങളും സജീവമാകും.

Cherry 2

സന്തോഷങ്ങളെയും സന്താപങ്ങളെയും പോലെ പൂത്തും കൊഴിഞ്ഞും സക്കൂറാ കാലം ജപ്പാൻകാർ ആഘോഷിച്ചു തീർക്കും. പൂക്കളുടെ രമണീയമായ മരണവും വേറെ തന്നെ ഒരു കാഴ്ച്ചയാണ്. പൂക്കൾ മഞ്ഞു പുതച്ചപോലെ മണ്ണിൽ നറഞ്ഞ് നിൽക്കും. പൂക്കൾ കൊഴിഞ്ഞ ചില്ലകൾ എല്ലിൻ കൂടുകൾ പോലെ ആകാശം വിതാനിക്കും. മരങ്ങളുടെ വിരഹം കണ്ണീർപ്പൂക്കളായി പൊഴിയും. അപ്പോൾ ജപ്പാൻകാർ കോബായാഷി ഇസ്സായുടെ തന്നെ മറ്റൊരു ഹൈക്കു മന്ത്രിക്കും.’ഞാനിവിടെയുണ്ടെന്ന് തെളിയിക്കാനായി ഞാൻ കൊഴിഞ്ഞു വീഴുകയാണ്….’

A woman strolls on an esplanade covered with cherry blossoms in full bloom in Tokyo on April 2, 2016.  Viewing cherry blossoms is a national pastime and cultural event in Japan, where millions of people turn out to admire them annually. / AFP / TORU YAMANAKA        (Photo credit should read TORU YAMANAKA/AFP/Getty Images)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News