കേരളത്തിൽ വീടു കെട്ടുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണം; റിയൽ എസ്റ്റേറ്റ് മേഖലയെ ഉലയ്ക്കുന്ന നിർദേശവുമായി ഡോ.ശങ്കരനാരായണൻ പാലേരി

കേരളത്തിൽ വീടു കെട്ടുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്നു ഡോ.ശങ്കരനാരായണൻ പാലേരി. ആഡംബര വീടുകൾക്കും നക്ഷത്ര വീടുകൾക്കും വൻതുക വാങ്ങിയേ അനുമതി നൽകാവൂ. കൊട്ടാരവീടുകൾ കെട്ടുന്നതു നിരോധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് നിർമ്മാണ മേഖലയെ പിടിച്ചുകുലുക്കാൻ പോന്ന നിർദ്ദേശങ്ങളാണ് ഡോ.ശങ്കരനാരായണൻ പാലേരി മുന്നോട്ടു വയ്ക്കുന്നത്.

ഭൂപരിഷ്‌കരണത്തിന്റെ ഉപജ്ഞാതാക്കളായ കേരളത്തിൽ ഭവനപരിഷ്‌കരണത്തിനു സമയമായെന്നാണ് ഈ സാമൂഹികശാസ്ത്രജ്ഞന്റെ ശബ്ദം ഓർമ്മിപ്പിക്കുന്നത്. മനകളെയും മണിമാളികകളെയും ധാരാളിത്തത്തിന്റെയും മാടമ്പിത്തത്തിന്റെയും അടയാളങ്ങളായി വിലയിരുത്തിയവരാണ് നാം. നാലുകെട്ടുകളും മാളികകളും പൊളിഞ്ഞുപോയി. കൂട്ടുകുടുംബവ്യവസ്ഥ നാമമാത്രമായി. പക്ഷേ, വലിയ വീടുകളുടെ സംസ്‌കാരം തുടരുന്നു. മലയാളിയിലെ മരിക്കാത്ത ഫ്യൂഡലിസ്റ്റിനെ ഡോക്ടർ ശങ്കരനാരായണൻ ആക്രമിക്കുന്നു.

മുംബൈ, ദില്ലി തുടങ്ങിയ ഇന്ത്യൻ മഹാനഗരങ്ങളിൽ 2 ബിഎച്ച്‌കെ പാർപ്പിടങ്ങളുടെ ശരാശരി വിസ്തൃതി 700-750 ചതുരശ്രമീറ്ററാണ്. ബംഗളുരുവിലും ചെന്നൈയിലും അത് 800-1000 വരെ ആവും. ലഖ്‌നൗ, വിദിശ, ഭോപ്പാൽ, അഹമ്മദാബാദ്, ഭുവനേശ്വർ, ഹൈദരാബാദ് എന്നിവങ്ങളിലും ഇതാണ് സ്ഥിതി. എന്നാൽ, എറണാകുളത്തെത്തുമ്പോൾ ഇത് ആയിരം ചതുരശ്ര അടിക്കു മുകളിലെത്തുന്നു.

‘ഞാൻ സ്വന്തമായുണ്ടാക്കിയ കാശുകൊണ്ടു കെട്ടുന്ന വീടാണ്. അത് എത്ര വലുതായാലും ആർക്കാ ചേതം?’ എന്ന ചോദ്യത്തിന് ഒരർത്ഥവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വലിയ വീടു കെട്ടുമ്പോൾ കുറേ പേർക്കു പണി കിട്ടില്ലേ കച്ചവടം കൂടില്ലേ എന്ന വികസന വാദങ്ങളും ശരിയല്ല. ദരിദ്രനും സമ്പന്നനും ഒരേ പോലെ അവകാശപ്പെട്ട പ്രകൃതിവിഭവങ്ങളുടെ ധൂർത്താണ് ആഡംബരവീടുകൾ. പ്രകൃതിവിഭവങ്ങൾ എത്ര കാശുണ്ടെങ്കിലും ഉണ്ടാക്കിയെടുക്കാൻ പറ്റില്ല. ആ വിഭവങ്ങൾ കാശുള്ളവർ തോന്നുംപടി ഉപയോഗിക്കട്ടെ എന്നു പറഞ്ഞു വിട്ടുകൊടുക്കുന്നത് ഒരു ദരിദ്രസംസ്ഥാനത്തിനു ചേർന്നതല്ല. സമ്പന്നരെങ്കിലും പൊതു സമൂഹം ദരിദ്രമാണ്. ദരിദ്രസമൂഹത്തിന്റെ കാഴ്ചപ്പാടിലല്ല നാം വീടുകളെ കാണുന്നത് എന്നും ഡോക്ടർ ശങ്കരനാരായണൻ ഓർമ്മിപ്പിക്കുന്നു.

അതുകൊണ്ട് വീടുനിർമ്മാണത്തിന് അളവുപരിധി നിശ്ചയിക്കണം. നാല്-അഞ്ച് പേരുള്ള കുടുംബത്തിന് 1400-1500 ചതുരശ്ര അടി വീടു മതി. ഫ്രീ ഏരിയ അടക്കം 2000-2400 വരെ പോകാം. അതിനു മുകളിലുള്ള വീടുകളെ ആഡംബരവീടുകളായി കാണണം. 3000നു മുകളിലുള്ള വീടുകളെ നക്ഷത്രവീടുകളും. ആഡംബര നക്ഷത്ര വീടുകൾ പണിയാൻ അളവനുസരിച്ച് ഒരു തുക കെട്ടിവച്ചാലേ അനുമതി നൽകാവൂ. 5000 നു മുകളിലുള്ള വീടുകൾക്ക് അനുമതി നൽകരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരാൾക്ക് എത്രയടി വീടു വേണം?’ എന്ന ടോൾസ്റ്റോയിയൻ തലക്കെട്ടോടെ ഡോ.ശങ്കരനാരായണൻ പാലേരിയുടെ ലേഖനം പുതിയ കലാകൗമുദിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News