പുറ്റിംഗല്‍ വെടിക്കെട്ടപകടം അന്വേഷിക്കുന്ന കമ്മീഷന് സൗകര്യങ്ങള്‍ ഒരുക്കിയില്ല; സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പറവൂര്‍ പുറ്റിംഗല്‍ ദേവീ ക്ഷേത്രത്തത്തിലെ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമന്വേഷിക്കാന്‍ രണ്ട് ജുഡീഷ്യല്‍ കമ്മീഷനുകളെ നിയോഗിച്ചിട്ടും അവര്‍ക്ക് പ്രവര്‍ത്തിക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്തത് സര്‍ക്കാരിന് ഈ വിഷയത്തിലുളള ആത്മാര്‍ത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് മാത്രമല്ല ഇത് സംബന്ധിച്ച് കുറ്റ പത്രം പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആദ്യം റിട്ട: ജസ്റ്റിസ് കൃഷ്ണന്‍ നായരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചെങ്കിലും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാവിശ്യമായ ഓഫീസോ, സ്റ്റാഫോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ സര്‍ക്കാര്‍ നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ പകരം നിയോഗിച്ച ജസ്റ്റിസ് ഗോപിനാഥന്‍ കമ്മീഷന്റെ പ്രവര്‍ത്തനവും എങ്ങുമെത്തിയിട്ടില്ല.

പുറ്റിംഗല്‍ വെടിക്കെട്ടപകടം രാഷ്ട്രീയമായി മുതലെടുത്ത് അധികാരത്തിലെത്തിയ ഇടതുപക്ഷം അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരതുക പോലും വിതരണം ചെയ്യാതെ അലംഭാവം കാണിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളും, പരിക്കേറ്റവരും, വീടുകള്‍ തകര്‍ന്നവരും അപകടം നടന്ന് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും നഷ്ടപരിഹാരം കിട്ടാതെ വലയുകയാണ്.

ഇവര്‍ക്ക് നഷ്ടപരിഹാരം ഉടനടി പൂര്‍ണ്ണമായും വിതരണം ചെയ്യണമെന്നും, ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News