വെള്ളാപ്പള്ളിയുടെ കോളജിന് മുന്നിലെ വിദ്യാര്‍ത്ഥി സമരം ശക്തമാകുന്നു; എസ്എഫ്‌ഐ സമരം ഡിവൈഎഫ്‌ഐ ഏറ്റെടുത്തു; മാനേജ്‌മെന്റിന്റേത് ഗുണ്ടാപ്പണിയെന്ന് എസ്എഫ്‌ഐ

ആലപ്പുഴ : കായംകുളത്തെ വെളളാപ്പളളി കോളജ് ഓഫ് എന്‍ജിനീയറിംഗിന് മുന്നിലെ വിദ്യാര്‍ത്ഥി പ്രതിഷേധ സമരം ശക്തമാകുന്നു. സമരം യുവജന സംഘടനകള്‍ ഏറ്റെടുത്തതോടെ സംഘര്‍ഷത്തിലേക്ക് മാറി. നേരത്തെ എസ്എഫ്‌ഐ നടത്തിവന്നിരുന്ന സമരം ഇപ്പോള്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തു.

രാവിലെ പതിനൊന്നോടെ കോളജിന് മുന്നിലെയ്ക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെയാണ് പോലീസ് ലാത്തിവീശിയത്. ശക്തമായ പോലീസ് കാവല്‍ ഉണ്ടായിട്ടും ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ കാമ്പസിനുളളില്‍ പ്രവേശിച്ചു. കോളജ് കാമ്പസില്‍നിന്നും കല്ലേറുണ്ടായതാണ് തിരിച്ചടിക്ക് കാരണമായത്. കല്ലേറില്‍ പരുക്കേറ്റ് പോലീസുക്കാരടക്കം പത്തുപേര്‍ആശുപത്രിയിലുമായി.

കോളജ് ഇന്ന് അവധിയായിരുന്നെങ്കിലും പതിവ് ഗുണ്ടാപണി ആവര്‍ത്തിച്ചതായി ആശുപത്രിയില്‍ കഴിയുന്ന നേതാക്കള്‍ പറഞ്ഞു. കാമ്പസിനുളളില്‍ വിദ്യാര്‍ത്ഥികള്‍ ആരും ഇല്ലാതിരിക്കെ കല്ലെറിയാന്‍ ഗുണ്ടകളെ കാമ്പസിനുളളില്‍ നേരത്തെതന്നെ മാനേജ്‌മെന്റ് നിര്‍ത്തിയിരുന്നതായി ആക്ഷേപം ഉയരുകയാണ്. എസ്എഫ്‌ഐ നേതാക്കളായ എം വിജിന്‍, ജെയിംസ് എന്നിവരും പരുക്കേറ്റ് ആശുപത്രിയിലാണ്.

മാനേജുമെന്റിന്റെ കടുത്ത പീഡനം മൂലം കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആര്‍ഷ് കൈ ഞരമ്പ് മുറിച്ച് ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാനേജ്‌മെന്റിന്റെ കടുത്ത പീഡനമാണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ ആര്‍ഷ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കോളജ് മാനേജര്‍ സുബാഷ് വാസു, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെ ഇന്നെല കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹോസ്റ്റല്‍ മുറിക്കുളളില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കും മുമ്പെ വിദ്യാര്‍ത്ഥിയെഴുതിയ കുറിപ്പില്‍ വിടവാങ്ങുന്നുവെന്ന സൂചനകള്‍ മാനേജുമെന്റിനെ പ്രതിക്കൂട്ടിലാക്കി. സഹപാഠികളിലൊരാള്‍ അര്‍ദ്ധരാത്രി ബാത്തുറൂമില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ ഫാനില്‍ കുരുക്കൊരുക്കി മരണത്തിലേക്ക് പോകാന്‍ ഒരുങ്ങുന്ന കൂട്ടുക്കാരനെയാണ് കണ്ടത്.

ഹോസ്റ്റലിന്റെ ഒഴിഞ്ഞു കിടക്കുന്ന മുറിയില്‍ മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആര്‍ഷിനെ കണ്ട സുഹൃത്ത് ബഹളം വെച്ചതോടെ മറ്റ് സുഹൃത്തുക്കളും ഓടിയെത്തി ഇയാളെ രക്ഷിച്ചത്. പിന്നീട് ഇയാളെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടിമുറിയും ക്വട്ടേഷന്‍ സംഘങ്ങളും നിറഞ്ഞാടുന്ന കോളജ് കാമ്പസില്‍ പ്രശ്‌നങ്ങള്‍ പതിവാണ്.

അതേസമയം വെളളാപളളിയുടെ പേരിലുളള കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ എബിവിപി എത്തിയത് വിവാദമായി. നേരത്തെ കെഎസ്‌യു, എംഎസ്എഫ് സംഘടനകള്‍ കോളജിന് മുന്നില്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ പ്രധാന നേതാവ് സുബാഷ് വാസു നടത്തുന്ന കോളജിലേക്ക് എബിവിപി നടത്തിയ മാര്‍ച്ച് വിവാദമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here