നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ക്ക് മടി; രൂപയുടെ മൂല്യം കൂടുന്നത് കാരണം; ഡോളറിന് തിരിച്ചടി തുടരുന്നു

ഡോളറിനെതിരെ രൂപ കരുത്താര്‍ജിക്കുന്നതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണം അയ്ക്കാന്‍ മടിക്കുകയാണ്. നാട്ടിലേക്ക് പണയയ്ക്കുന്നതില്‍ ഇരുപത്തിയഞ്ച് ശതമാനം കുറവുണ്ടായെന്നാണ് കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട്. വന്‍തുകയുടെ ഇടപാടുകള്‍ കുറഞ്ഞെന്നും അത്യാവശ്യക്കാര്‍ മാത്രമാണ് ഇപ്പോള്‍ എക്‌സ്‌ചേഞ്ചുകളെ സമീപിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ മാന്ദ്യം അനുഭവപ്പെട്ടത്. ജനുവരി പകുതിവരെ ഒരു ഖത്തര്‍ റിയാലിന് ലഭിച്ചിരുന്നത് 18.50 രൂപയില്‍ കൂടുതലാണെങ്കില്‍ ഇപ്പോഴത്തെ വിനിമയനിരക്ക് 17.55 രൂപയായി താഴ്ന്നു. കഴിഞ്ഞ നവംബറില്‍ വിനിമയനിരക്ക് 18.90 രൂപവരെ എത്തിയിരുന്നു. മറ്റ് കറന്‍സികള്‍ക്കും ആനുപാതികമായി നിരക്ക് കുറഞ്ഞിട്ടുണ്ട്.

നോട്ടു നിരോധനം വിപണിയെ തുടക്കത്തില്‍ ആശങ്കയിലേക്ക് തളളി വിട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചെത്തി. ഇതോടെയാണ് ഇന്ത്യന്‍ രൂപ ഡോളറിനെതിരേ കരുത്താര്‍ജിച്ചത്. ഇന്ത്യന്‍ സാമ്പത്തിക ഭദ്രത മെച്ചപ്പെടുന്നതിന്റെ സൂചനയാണെങ്കിലും വിനിമയനിരക്കു മെച്ചപ്പെടുന്നതു കാത്തിരുന്നവര്‍ക്ക് തിരിച്ചടിയാണിത്.

ഉത്തര കൊറിയ, സിറിയ എന്നിവിടങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍ തുടരുകയാണെങ്കില്‍ വീണ്ടും ഡോളര്‍ തകരാണ് സാധ്യത. ഇത് രൂപയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിപണി വിലയിരുത്തലുകള്‍. എന്നാല്‍ പ്രവാസികളുടെ പണത്തെ ആശ്രയിച്ചു കഴിയുന്ന നിരവധി മലയാളി കുടുംബങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here