രാത്രി ഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോയ ദമ്പതികള്‍ തിരികെ വന്നില്ല; ഇരുവരെയും കാത്ത് മക്കളും വൃദ്ധപിതാവും; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോട്ടയം : ഭക്ഷണം കഴിക്കാനായി കാറില്‍ പോയ ദമ്പതികളെ കാണാതായിട്ട് 4 ദിവസം പിന്നിട്ടു. കോട്ടയം അറുപറയിലാണ് സംഭവം. കാണാതായവരെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രിയപ്പെട്ടവരെ കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മക്കളും വൃദ്ധ പിതാവും.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ രാത്രി 9 മണിയോടെയാണ് കുമ്മനം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിമും ഭാര്യ ഹബീബയും പുറത്തേക്ക് പോയത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞ് കോട്ടയം നഗരത്തിലേക്കാമ് ഇരുവരും പോയത്. രാത്രി 11 മണിയായിട്ടും തിരികെ വന്നില്ല. ബന്ധുമിത്രാദികളുടെയും മറ്റും അന്വേഷണം തുടരുമ്പോഴും നാലുദിവസമായിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല.

നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തത് പൊലീസ് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം വീടിന്റെ ഉമ്മറത്ത് വഴിയിലേക്ക് കണ്ണ് ചിമ്മാതെ നോക്കിയിരിക്കുകയാണ് ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദറും ഹാഷിം – ഹബീബ ദമ്പതികളുടെ മക്കളായ ഫിദയും മുഹമ്മദ് ബിലാലും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മക്കളെ ഭക്ഷണം കഴിക്കാനായി വിളിച്ചെങ്കിലും അവര്‍ പോയില്ല.

മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഹാഷിം കൊണ്ടുപോയിട്ടില്ല. ഉമ്മ ആനുമ്മയുടെ മരണം ഹാഷിമിനെ മാനസികമായി ഏറെ വിഷമിപ്പിച്ചിരുന്നു. പുതിയ കാറിന്റെ വായ്പ ഒഴിച്ചാല്‍ സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. 10 കിലോമീറ്റര്‍ പോലും തുടര്‍ച്ചയായി വാഹനം ഓടിക്കാന്‍ പ്രയാസപ്പെടുന്നയാളാണ് ഹാഷിമെന്നും പിതാവ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here