നന്തൻകോട് കൂട്ടക്കൊല; സാത്താൻ സേവയ്ക്കു വേണ്ടിയാണ് കൊല നടത്തിയതെന്നു കേദലിന്റെ മൊഴി; നാലു പേരെയും കൊന്നത് ഒറ്റയ്ക്ക്; കേദലിനെ ഇന്നും ചോദ്യം ചെയ്യും

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൽ പിടിയിലായ കേദൽ ജീൻസൺ രാജ് കുറ്റം സമ്മതിച്ചതായി പൊലീസ്. സാത്താൻ സേവക്കു വേണ്ടിയാണ് കൊല നടത്തിയതെന്നാണ് കേദൽ മൊഴി നൽകിയത്. എല്ലാ കൊലപാതകങ്ങളും താൻ ഒറ്റയ്ക്കാണ് ചെയ്തതെന്നും കേദൽ മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യൽ ഇന്നും തുടരും. അച്ഛനും അമ്മയുമടക്കം നാലുപേരെ കൊലപ്പെടുത്തി തീകൊളുത്തിയ സംഭവത്തിൽ കേദൽ ജീൻസൺ രാജിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

താനാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും ഒരേ ദിവസമാണ് കൃത്യം നടത്തിയതെന്നും ചോദ്യം ചെയ്യലിൽ കേദൽ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. സാത്താൻ സേവയ്ക്കു വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. ജീവൻ കുരുതി കൊടുത്ത് ആത്മാവിനെ വേർപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് ആദ്യം കേദൽ മൊഴിനൽകിയത്.

ഓൺലൈൻ വഴി വാങ്ങിയ മഴു ഉപയോഗിച്ചാണ് കൊല നടത്തിയത്. താൻ കണ്ടുപിടിച്ച പുതിയ ഗെയിം പരിചയപ്പെടുത്താനെന്നു പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലത്തെ നിലയിൽ എത്തിക്കുകയായിരുന്നു. ഇവർ ഗെയിം കണ്ടുകൊണ്ടിരിക്കെ പിന്നിൽ നിന്നു മഴു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. എന്നാൽ ഇയാളുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാനസിക രോഗ വിദഗ്ധന്റെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നത്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് കേദലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകശേഷം ചെന്നെയിലെത്തി, പാച്ചിയപ്പ സ്ട്രീറ്റിലെ എൻ.ബി പാലസ് എന്ന ഹോട്ടലിൽ മുറിയെടുത്ത, കേദൽ ടിവിയിൽ കൊലപാതകം സംബന്ധിച്ച വാർത്ത കണ്ടതോടെ ബാഗ് ഹോട്ടലിലുപേക്ഷിച്ച് മടങ്ങുകയായിരുന്നു.

ചെന്നൈയിൽ നിന്നും തിരുവനന്തപുരത്ത് വന്നിറങ്ങിയ കേദലിനെ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ നിർവികാരമായാണ് കേദൽ കുറ്റമേറ്റു പറഞ്ഞത്. ഇന്നു ഉന്നതോദ്യോഗസ്ഥരും കേദലിനെ ചോദ്യം ചെയ്യും. തുടർന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News