പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു; മലപ്പുറം നാളെ ബൂത്തിലേക്ക്; സ്വതന്ത്രർ അടക്കം 9 പേർ മത്സരരംഗത്ത്; പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു നടക്കും

മലപ്പുറം: ഉപതെരഞ്ഞെടുപ്പിനായി മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങും. വീറും വാശിയുമാർന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം അഞ്ചിടങ്ങളിലായി രാവിലെ പത്തു മണി മുതൽ ആരംഭിക്കും. 13,12,693 ലക്ഷം വോട്ടർമാർക്കായി 1175 ബൂത്തുകളാണ് പോളിംഗിനായി ഒരുക്കിയിട്ടുള്ളത്.

39 മാതൃകാ ബൂത്തുകളും തയ്യാറാക്കിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾക്കു പുറമെ ആറു സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരംഗത്തുണ്ട്. ആകെ ബൂത്തുകളിൽ 49 ബൂത്തുകൾ പ്രശ്‌നബാധിതമാണ്. 3,300 പൊലീസ് ഉദ്യോഗസ്ഥരയൊണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. നാലു കമ്പനി സൈനികരും സുരക്ഷയിലുണ്ട്.

മലപ്പുറത്തിന്റെ രാഷ്ട്രീയമാനത്തിന്റെ നിറംമാറ്റത്തിന് ശക്തിപകരുന്ന ഫലമാകും ഉപതെരഞ്ഞെടുപ്പിലുണ്ടാവുകയെന്നതിന്റെ സൂചനകളുമായാണ് പരസ്യപ്രചാരണം സമാപിച്ചത്. മലപ്പുറത്തിന്റെ മതേതരമനസിൽ ഇടതുപക്ഷത്തിന് അനുകൂലമായ അടിയൊഴുക്കുകൾ സജീവമാണെന്നാണ് മൂന്നാഴ്ചത്തെ പ്രചാരണം തീർന്നപ്പോൾ തെളിയുന്നത്്.

മലപ്പുറത്ത് ഇന്നേവരെയില്ലാത്തതരത്തിൽ പ്രചാരണത്തിൽ നല്ല മുന്നേറ്റം സൃഷ്ടിക്കാൻ എൽഡിഎഫിനായി. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം ബി ഫൈസൽ യുവത്വത്തിന്റെ തേജസുമായി മണ്ഡലത്തെ ഇളക്കിമറിച്ചു. ലീഗ് കുത്തകയാക്കിയ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമപദ്ധതികളും ഫൈസലിന്റെ സാധ്യതകൾക്ക് പ്രതീക്ഷ പകർന്നു. ആർഎസ്എസിന്റെ ഹൈന്ദവ അജൻഡയുമായി ന്യൂനപക്ഷ സമുദായത്തെ വേട്ടയാടുന്ന മോദി സർക്കാരിന്റെ നയം സജീവ ചർച്ചയായി. കോൺഗ്രസ് നേതാക്കൾ ദിവസേന ബിജെപിയിലേക്ക് കാലുമാറുന്നതും കോൺഗ്രസിന് ആർഎസ്എസിനോടുള്ള മൃദുസമീപനവും ചർച്ചയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News