നിധി കിട്ടിയ സ്വർണമെന്നു തെറ്റിദ്ധരിച്ച് വാങ്ങിയത് മുക്കുപണ്ടം; മൂന്നാറില്‍ വീട്ടമ്മയ്ക്കു നഷ്ടമായത് ഒരു ലക്ഷം രൂപ; തട്ടിപ്പുകാരൻ അറസ്റ്റിൽ

ഇടുക്കി: നിധി കിട്ടിയ സ്വർണമാണെന്നു തെറ്റിദ്ധരിച്ച് സ്വർണ്ണം വാങ്ങിയ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. നിധി കിട്ടിയതെന്ന് വിചാരിച്ച് സ്വർണ്ണം വാങ്ങിയ വീട്ടമ്മയ്ക്ക് ലഭിച്ചത് മുക്കുപണ്ടങ്ങളായിരുന്നു. സ്വർണമാണെന്നു വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നു പണം തട്ടിയയാളെ തന്ത്രപരമായ നീക്കത്തിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ വീട്ടമ്മയും പൊലീസും ചേർന്നൊരുക്കിയ കെണിയിൽ തട്ടിപ്പുകാരൻ വീഴുകയായിരുന്നു.

മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷൻ സ്വദേശിയും പാലായിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനുമായ രാമയ്യ (47) ആണ് അറസ്റ്റിലായത്. മറയൂർ സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പരിചയക്കാരനായ മറയൂർ സ്വദേശിയാണ് രാമയ്യയെ വീട്ടമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ആദ്യം ഒറിജിനൽ സ്വർണ്ണം വിറ്റ് വീട്ടമ്മയുടെ വിശ്വാസം നേടിയെടുത്ത രാമയ്യ പിന്നീട് സ്വർണം പൂശിയ മുക്കുപണ്ടങ്ങൾ വിൽക്കുകയായിരുന്നു.

680 ഗ്രാം സ്വർണമാണ് രാമയ്യ ആദ്യം വീട്ടമ്മയ്ക്കു വിറ്റത്. തുടർന്ന് തട്ടിപ്പ് നടത്തുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിച്ചു. ബാംഗ്ലൂരിലുള്ള സുഹൃത്തിനാണ് നിധിയിലൂടെ സ്വർണ്ണം ലഭിച്ചതെന്നും പുറത്തറിഞ്ഞാൽ സർക്കാരിലേക്ക് കണ്ടുകെട്ടുമെന്നും രമയ്യ വീട്ടമ്മയെ വിശ്വസിപ്പിച്ചു. അതുകൊണ്ട് സ്വർണ്ണം വാങ്ങാൻ ബാംഗ്ലൂരിൽ എത്തണമെന്നായിരുന്നു നിർദേശം. ഇതു വിശ്വസിച്ച് ബന്ധുക്കളോടൊപ്പം ബാംഗ്ലൂരിലെത്തി ഒരുലക്ഷം രൂപ കൈമാറി വീട്ടമ്മ സ്വർണം വാങ്ങി. നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

മൂന്നാർ പൊലീസിൽ പരാതി നൽകിയ വീട്ടമ്മയോടു രാമയ്യയെ വിളിച്ചുവരുത്താൻ പൊലീസ് ആവശ്യപ്പെട്ടു. രാമയ്യയെ കുടുക്കാനുള്ള തന്ത്രങ്ങളും ആവിഷ്‌കരിച്ചു. തട്ടിപ്പ് മനസ്സിലായെന്നു പുറത്തറിയിക്കാതെ കൂടുതൽ സ്വർണം വേണമെന്നു പറഞ്ഞ് രാമയ്യയെ നാട്ടിലേക്കു വിളിച്ചുവരുത്തി. ഇതനുസരിച്ച് ചെമ്പിൽ സ്വർണം മുക്കി കൊണ്ടുവന്ന രാമയ്യയെ പഴയ മൂന്നാറിലുള്ള പാലത്തിനു സമീപം വച്ച് വേഷം മാറി നിൽക്കുകയായിരുന്ന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ രാമയ്യ തട്ടിപ്പ് സമ്മതിച്ചു. സ്വർണ്ണമെന്ന വ്യാജേന ഇയാളുടെ പക്കലുണ്ടായിരുന്ന ചെമ്പും പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം വിറ്റ ഒറിജിനൽ സ്വർണ്ണത്തിന്റെ അതേ രൂപത്തിൽ ചെമ്പു നാണയങ്ങൾ സ്വർണ്ണത്തിൽ മുക്കിയാണ് ഇയാൾ വീട്ടമ്മയ്ക്ക് നൽകാൻ വച്ചിരുന്നത്. സ്വർണ്ണം രൂപപ്പെടുത്താൻ ഉപയോഗിച്ചിരുന്ന അച്ചും ഇയാളുടെ പക്കലുണ്ടായിരുന്നു. മൂന്നാറിലുള്ള മറ്റു പലരെയും ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel