മുഹമ്മദ് റഫിക്കു പകരം പാടുക. അതും സാക്ഷാൽ ദിലീപ് കുമാർ നായകനായ ഹിന്ദി പടത്തിൽ. ജമീൽ അക്തറിന്റെയും ഉഷ ഖന്നയുടെയും എണ്ണം പറഞ്ഞ പാട്ട്. എന്നിട്ടും മറ്റൊരു പാട്ട് ബോളി വുഡിൽ പാടാനായില്ല. ശോകഗാനം പോലുള്ള ഈ കഥ കൊച്ചിൻ ഇബ്രാഹിമിന്റേത്.
ആത്മരക്ഷ എന്ന ചിത്രത്തിലാണ് കൊച്ചിൻ ഇബ്രാഹിം പാടിയത്. ‘ജോഭി തും പെസുമ് കരേ’ എന്ന പാട്ട്. റഫി പാടാൻ നിശ്ചയിച്ച ഗാനമായിരുന്നു അത്. അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്നാണ് ആ അസുലഭ ഭാഗ്യം കൊച്ചിയുടെ ഗായകനെ തേടിയെത്തിയത്. അതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ സാക്ഷാൽ ദിലീപ് കുമാറും ആയിരുന്നു.
ദിലീപ് കുമാർ എറണാകുളം നേവൽ ബേസിൽ ഒരു ഷൂട്ടിംഗിനു വന്നപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ദിലീപ് കുമാറിനെ സ്വീകരിക്കാനൊരുക്കിയ ചടങ്ങിൽ ഇബ്രാഹിം പാടി. പാട്ട് ദിലീപ് കുമാറിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആത്മരക്ഷയിലെ അവസരം തേടിയെത്തിയത്. മെഹബൂബ് സ്റ്റുഡിയോവിൽ ആ പാട്ട് പാടി നിർത്തിയപ്പോൾ തന്നെ നിർമ്മാതാവ് മുഹമ്മദ് ഭായ് പൊക്കിയെടുത്തു വട്ടം കറക്കിയെന്നാണ് പുതിയ നാനയിൽ കൊച്ചിൻ ഇബ്രാഹിം അനുസ്മരിക്കുന്നത്.
ആത്മരക്ഷ പക്ഷേ, കൊച്ചിക്കാരൻ ഇബ്രാഹിമിന് ആത്മരക്ഷയായില്ല. ആ പാട്ടിനുശേഷം ദിലീപ് കുമാറിന്റെ ശുപാർശയോടെ തന്നെ ബോളിവുഡിൽ തുടരാൻ ശ്രമിച്ചു. കല്യാൺജി ആനന്ദ്ജി മുതൽ സാക്ഷാൽ ആർ.ഡി ബർമനെ വരെ കണ്ടു. പക്ഷേ, രണ്ടാമതൊരു ഹിന്ദി പാട്ട് ആ ഗായകനു കിട്ടിയില്ല.
എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? സൗത്ത് കോയി ഏക് ലട്കാ എന്ന ഹിന്ദിക്കാരുടെ സമീപനം തീർച്ചയായും ഒരു വശത്തുണ്ട്. പക്ഷേ, അതു പറയുമ്പോഴും കൊച്ചിൻ ഇബ്രാഹിം കൂട്ടിച്ചേർക്കും: ‘ദിലീപ് കുമാർ സാബിന്റെ വീട്ടിൽ ഏതു സമയത്തും കേറിച്ചെല്ലാനുള്ള അനുവാദം തന്നിട്ടും അതൊന്നും ഉപയോഗപ്പെടുത്താനായില്ല. എന്റെ പരാജയമാണ്.’
Get real time update about this post categories directly on your device, subscribe now.