മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്. ഈ ശബ്ദം സുഗതകുമാരിയുടേതാണ്. ലൈംഗികാക്രമണത്തിനിരയായി കുഞ്ഞുങ്ങൾ വരെ തൂങ്ങിമരിക്കുകയും മരിച്ചു തൂക്കപ്പെടുകയും ചെയ്യുന്നതു കണ്ട് പകച്ചുനിൽക്കുന്ന കേരളത്തിന് കവയത്രി നൽകുന്ന മുന്നറിയിപ്പാണിത്. ‘മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്’ ടീച്ചറുടെ പുതിയ കവിതയാണ്. മരിച്ച കുഞ്ഞുങ്ങൾ നമ്മളെ തേടി വരുന്നുവെന്ന തീവ്രാനുഭവത്തിന്റെ വാങ്മയം.

ജീവനൊടുക്കിയ കുട്ടികൾ മാത്രമല്ല അവരെന്നു കവി കാണുന്നു. അവർക്ക് അടയാത്ത കണ്ണുകളും മുറിഞ്ഞ ചുണ്ടുകളും ഒടിഞ്ഞുതൂങ്ങിയ കഴുത്തുകളും മാത്രമല്ല ഉടഞ്ഞ നെഞ്ഞുകളും ചതഞ്ഞ മെയ്യുകളുമുണ്ട്. അവർ ലൈംഗികാതിക്രമ ശയ്യകളിൽ കടുത്ത പീഡനത്തിനിരയായി തൂക്കുകയർ തേടിപ്പോയവരോ കൊന്നു കെട്ടിത്തൂക്കപ്പെട്ടവരോ ആണ്.

‘മഹാനരകത്തിൻ നടുക്കു നിന്നു ഞാൻ അവരുടെ മിണ്ടാവരവു കാണുന്നു. മിഴിഞ്ഞ കണ്ണുകൾ, മുറിഞ്ഞ ചുണ്ടുകൾ, ഒടിഞ്ഞു തൂങ്ങിയോരിളം കഴുത്തുകൾ, ഉടഞ്ഞ നെഞ്ഞുകൾ, ചതഞ്ഞ മെയ്യുകൾ, തുടകളിൽ ചോരക്കറയൊലിപ്പുകൾ.’

അവർ മരിക്കും മുമ്പുയർത്തിയ രോദനങ്ങളും ആവലാതികളും കേൾക്കാതിരുന്ന സമൂഹത്തെ കവി കുറ്റപ്പെടുത്തുന്നുമുണ്ട്: ‘മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്; നമ്മെത്തിരക്കി കൈ നീട്ടിയിതാ വരുന്നുണ്ട്
മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം!
വിറച്ചു പേടിച്ചു വിറച്ചു പേടിച്ചു
തളർന്നു നൊന്തുനൊന്തതിലും നൊന്തുനൊന്തിവർ
പിടഞ്ഞെത്ര വിളിച്ചിരിക്കണം
മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം’

അവരെ കൊല്ലാൻ വിട്ട, വിടുന്ന, വിട്ടുകൊണ്ടിരിക്കുന്ന സമൂഹം പിശാചുക്കളുടെ കൂട്ടമാണെന്നും കവി ചൂണ്ടിക്കാട്ടുന്നു:

‘അറിയാ മക്കളേ, കളിച്ചു തിമർത്തോരേ
ചിരിയാൽ വീടെങ്ങും വിളക്കുവെച്ചോരേ
കഴുത്തിൽ കുഞ്ഞിക്കൈ പിണച്ചു ഞങ്ങൾക്കു
കുളുർത്തൊരുമ്മകൾ തരുന്നോരേ,
ഞങ്ങൾക്കുയിർകളേ, കൃഷ്ണമണികളേ
നിങ്ങളറിഞ്ഞീലാ, ഞങ്ങൾ വെറും പിശാചുക്കൾ.’

കേരളം അടുത്ത കാലത്തു നേരിടുന്ന മഴയില്ലായ്മയടക്കമുള്ള കാലപ്പിഴകൾ കവിതയിൽ പ്രതീകങ്ങളായി വളരുന്നു:

‘മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്
കൊച്ചു ചവിട്ടടികളാൽ വിറയ്ക്കുന്നു ഭൂമി
മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്, സൂര്യൻ കറുക്കുന്നു
മഴ ഭയന്നൊളിക്കുന്നു, ഇലകൾ വീഴുന്നു മഴ പൊഴിയുംപോൽ
കിളികൾ തൂവൽ പോയ് കുഴഞ്ഞുവീഴുന്നു
മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്;

വിണ്ണിന്നലർച്ച പൊങ്ങുന്നു
കടലു പിൻവാങ്ങിക്കുതിക്കുവാൻ താണു മുരണ്ടുനിൽക്കുന്നു
മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്
നമ്മെത്തിരക്കിക്കൈനീട്ടിക്കരഞ്ഞെത്തുന്നുണ്ട്.’

രക്ഷിക്കേണ്ടവരെയെല്ലാം കവി പേരെടുത്തു വിളിക്കുന്നു. അവരൊക്കെ അവരവരുടെ ദൗത്യങ്ങൾ മറന്നെന്ന വേദനയോടെ:

‘എവിടെയമ്മമാർ? പിതാക്കൾ? രക്ഷകർ?
എവിടെപ്പൊയ് വന്ദ്യഗുരുക്കന്മാർ?
ദൈവവചനം ഘോഷിക്കും മഹാപുരോഹിതർ?
എവിടെ നേതാക്കൾ? നിയമപാലകർ?
എവിടെയന്ധയാം തുലാസിൻ ദേവത?
മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്’

മരിച്ച കുഞ്ഞുങ്ങളോട് മറുത്തൊന്നും പറയാനില്ലാത്തവരാണ് നമ്മളെന്ന തീവ്രാഘാതിയായ വികാരവും പങ്കുവച്ചുകൊണ്ടാണ് ടീച്ചർ കവിത ഉപസംഹരിക്കുന്നത്:

‘നമുക്കു പാഞ്ഞുപോയൊളിക്കാം മാളത്തിൽ
തുറിച്ച കൺകളലാലവർ കാണുംമുമ്പേ
തണുത്ത കൈകളാലവർ തൊടുംമുമ്പേ
ചതച്ച ചുണ്ടുകൾ ശപിച്ചിടും മുമ്പേ
നമുക്കു വായ്, മിഴി, ചെവിയെല്ലാം പൊത്തിയൊളിക്കാം
നാം തന്നെ മുടിച്ച ഭൂമിതൻ കനൽക്കുഴികളിൽപ്പുകഞ്ഞൊടുങ്ങിടാം’

വർത്തമാനത്തെ കാവ്യവത്കരിച്ച് ചരിത്രം കുറിച്ച മലയാളത്തിലെ മികച്ച രചനകളിലേക്ക് ഇടംപിടിക്കുന്ന ഈ സുഗതകുമാരിക്കവിത പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.