പ്രാദേശിക തലത്തിൽ സഹകരണം തുടരാമെന്ന ധാരണ കോൺഗ്രസും കേരള കോൺഗ്രസും തെറ്റിച്ചു; കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപാർട്ടികളും ശീതയുദ്ധത്തിൽ

കോട്ടയം: കോട്ടയത്ത് കോൺഗ്രസ്-കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ശീതസമരം. തദ്ദേശ സ്ഥാപനങ്ങളിൽ സഹകരണം തുടരാമെന്ന ധാരണ ലംഘിച്ചതാണ് ഇരുപക്ഷവും ആയുധമാക്കുന്നത്. കെ.എം മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലി കോട്ടയത്ത് കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ ഇതോടെ ശീതസമരം രൂക്ഷമായിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതിന്റെ തിരിച്ചടികൾ ഉണ്ടാകുമെന്നു മാണിവിഭാഗം ജില്ലാനേതൃത്വം വ്യക്തമാക്കുമ്പോഴും അതൊന്നും കണക്കിലെടുക്കാതെ മുന്നോട്ടു പോകാനാണ് ഡിസിസിയുടെ ശ്രമം.

യുഡിഎഫ് വിട്ടെങ്കെിലും കോൺഗ്രസുമായി പ്രദേശിക തലത്തിൽ ധാരണകൾ തുടരാനായിരുന്നു കേരള കോൺഗ്രസ് എം തീരുമാനമെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്ന മുത്തോലിയിലും മൂന്നിലവ് പഞ്ചായത്തുകളിലും അതു ലംഘിക്കപ്പെട്ടു. നഷ്ടമുണ്ടായതാകട്ടെ കോൺഗ്രസിനും. മറുപടിയെന്ന വണ്ണം കോൺഗ്രസ് സഹകരണ ബാങ്കുകളിലും പാലാ ജനറൽ മാർക്കറ്റിംഗ് സഹകരണസംഘത്തിലും പ്രസിഡന്റ് സ്ഥാനം നൽകാതെ നിശബ്ദത പാലിച്ചു.

മൂന്നിലവ്, രാമപുരം പഞ്ചായത്തുകളിൽ മാണി വിഭാഗത്തെ പൂർണമായും ഒഴിവാക്കിയുള്ള കോൺഗ്രസിന്റെ മുന്നോട്ടു പോക്കിലും മാണി വിഭാഗത്തിനു അമർഷമുണ്ട്. ഇക്കാരണങ്ങളാൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടാണ് കേരളാ കോൺഗ്രസ് എം ജില്ലാ നേതൃത്വത്തിനുള്ളത്. എന്നാൽ ഉപതെരഞ്ഞെടുപ്പുകളിൽ മുൻപുണ്ടായിരുന്ന കരാറുകളുടെ നഗ്നമായ ലംഘനം നടത്തിയത് കേരള കോൺഗ്രസ് ആണെന്നാണ് ഡിസിസി നേതൃത്വത്തിന്റെ ആരോപണം.

22 അംഗ ജില്ലാപഞ്ചായത്തിൽ 14 വോട്ട് നേടി വിജയിച്ച ജോഷി ഫിലിപ്പ് ഡിസിസി അധ്യക്ഷനായതിനെ തുടർന്നാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്. എൽഡിഎഫിന് ഏഴും പിസി ജോർജിന് ഒരു സീറ്റുമുണ്ട്. കേരള കോൺഗ്രസ് എം മറ്റൊരു നിലപാട് സ്വീകരിച്ചാൽ ഭരണമാറ്റം ഉറപ്പാണ്.

ഈ മാസം 18ന് ചേരുന്ന കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. മാണിവിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിനുള്ള വിലപേശലായി ഈ ശീതസമരത്തെ കാണുന്ന കോൺഗ്രസ് ആരുടേയും ഭീഷണിക്കു വഴങ്ങേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News