കൊലപാതകം ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമെന്ന് കേഡലിന്റെ മൊഴി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; എഡിജിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു

തിരുവനന്തപുരം : നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേഡലിനെ എഡിജിപി ബി സന്ധ്യ, ഐജി മനോജ് എബ്രഹാം, മനോരോഗ വിദഗ്ദ്ധന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിശദമായി ചോദ്യം ചെയ്തു. ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പെടുത്താനുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശാസ്ത്രത്തിന്റെ ഭാഗമായാണ് കൊല നടത്തിയതെന്നാണ് കേഡന്‍ ജീന്‍സണ്‍ രാജ പൊലീസിന് മൊഴി നല്‍കിയത്.

കോടതിയില്‍ ഹാജരാക്കുന്ന കേഡലിനെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. തിരുവനന്തപുരം നന്തന്‍കോട് കൂട്ടകൊല കേസിലെ പ്രതിയായ കൊല്ലപ്പെട്ട ഡോക്ടര്‍ പ്രൊഫസര്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജ
പ്രത്യേക മാനസികനിലയുള്ള ആളാണ് എന്നത് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ നിന്ന്‌പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. മോഹന്‍ റോയിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. എഡിജിപി ബി സന്ധ്യ, ഐജി മനോജ് എബ്രഹാം എന്നിവര്‍ നേത്യത്വം നല്‍കിയ ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു. കേഡല്‍ ജീന്‍സണ്‍ പറഞ്ഞ ആസ്ട്രല്‍ പ്രൊജക്ഷന്റെ വിവിധ തലങ്ങളും പ്രവര്‍ത്തികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മനശാസ്ത്ര വിദഗ്ധനുമായി വിശകലനം നടത്തി.

കേഡലിന്റെ ബന്ധുക്കളേയും വീട്ടുവേലക്കാരികളെയും കമ്മീഷണര്‍ ഓഫീസിലെത്തിച്ച് കേഡലിനൊപ്പം ഇരുത്തി മൊഴി രേഖപ്പെടുത്തി. ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് താന്‍ നടത്തിയതെന്ന് കേഡല്‍ മൊഴി നല്‍കി. ഇത് താന്‍ പല തവണ പരീക്ഷിച്ചിട്ടുണ്ടെന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ് പഠിക്കുന്ന സമയത്താണ് ഇത് പരിശീലിച്ച് തുടങ്ങിയതെന്നും കേഡല്‍ പോലീസിനോട് വ്യക്തമാക്കി. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. പ്രതിയായ കേഡല്‍ ജീന്‍സണ്‍ ഷീസോഫ്രീനിയ എന്ന കടുത്ത മാനസിക രോഗത്തിന്റെ ഉടമയാണെന്ന കാര്യം മനോരോഗ വിദഗ്ധന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്.

രോഗത്തിന്റെ ലക്ഷണങ്ങളാണ് കേദല്‍ പറഞ്ഞ ചെകുത്താന്‍ സേവയും ആത്മാവിനെ വേര്‍പെടുത്തലും ക്രൂരമായ പ്രവര്‍ത്തനരീതിയുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായുള്ള ഡിലൂഷന്‍ ആണ് കേഡല്‍ കാണിച്ചതെന്നും ഡോക്ടര്‍ പൊലീസിനോട് പഞ്ഞു. കേഡലിന്റെ മാനസിക രോഗം സ്ഥീരീകരിക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസിക രോഗ ചികില്‍സാ വിഭാഗത്തില്‍ വിശദമായ പരിശോധന നടത്തി.

കൂടാതെ ശാസ്ത്രീയ പരിശോധനയ്ക്കായി കേഡലിന്റെ തലമുടി, നഖത്തിനിടയിലെ മാംസം, രക്തം എന്നിവയും ഫോറന്‍സ് വിഭാഗം ശേഖരിച്ചു. എന്നാല്‍ മാനസിക തകരാര്‍ ഉയര്‍ത്തികാട്ടി കേദല്‍ കൊലപാതകകുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിപൂര്‍വ്വമായ ശ്രമം നടത്തുകയാണോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ട്.

കേദലിന്റെ അക്രമവാസനയെപ്പറ്റിയും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. കൊലപാതകത്തിനുള്ള യഥാര്‍ത്ഥ കാരണം ഈ പരിശോധനയില്‍ കണ്ടെത്താനാകുമെന്നും പോലീസ് കരുതുന്നു. കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ അത്യാധുനിക മുറിയിലും കേദലിനെ ചോദ്യം ചെയ്യലിന് വിധേയനാക്കി.

ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനക്കിടെ കാലിലെ പൊള്ളലിന് ചികില്‍സയും തേടിയിരുന്നു. കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കേഡലിനെ നന്തന്‍കോട്ടെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News