ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതെന്തിനെന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലെന്ന് രമേശ് ചെന്നിത്തല; കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചു; സെല്‍ ഭരണത്തിന്റെ തുടക്കമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്‌തെന്ന് മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്‌നം. ജിഷ്ണു കേസ് അട്ടിമറിക്കുന്നതിനും തേയ്ച്ച് മായ്ച്ച് കളയുന്നതിനും സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ജിഷ്ണു കേസ് അട്ടിമറിക്കാനാണ് സര്‍ക്കാരും പൊലീസും ഒത്തൊരുമിച്ച് ശ്രമിച്ചത്. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല. കാനം രാജേന്ദ്രന്‍ സമരം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കാനം മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ജിഷ കേസും ജിഷ്ണു കേസും തമ്മില്‍ താരതമ്യം ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാണ്. ജിഷ കേസില്‍ കാര്യക്ഷമമായ അന്വേഷണമാണ് തുടക്കത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നതെന്ന് ഈ സര്‍ക്കാര്‍ വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ സമ്മതിച്ചിട്ടുണ്ട്. അന്ന് ശേഖരിച്ച തെളിവുകളല്ലാതെ കൂടുതലൊന്നും പുതിയ സര്‍ക്കാരിന് ശേഖരിക്കാനായിട്ടില്ല. പുതിയ സര്‍ക്കാര്‍ കോടയിയില്‍ കേസ് ദുര്‍ബലമാക്കുന്ന തരത്തിലാണ് കേസ് ഫ്രെയിം ചെയ്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സമരത്തിന് സഹായിക്കുന്നവരെ പിടികൂടി ജയിലിലാക്കുന്നത് ഏകാധിപതികളുടെ സ്വഭാവമാണ്. കേരളം ഇത് അംഗീകരിക്കില്ല. സെല്‍ ഭരണത്തിന്റെ തുടക്കമാണ് ഇവിടെ കാണുന്നത്. അതിനെ ചെറുക്കും. ജിഷ്ണുകേസിലെ പ്രതികള്‍ക്ക് എല്ലാവര്‍ക്കും ജാമ്യം കിട്ടിയതോടെ സര്‍ക്കാരിന്റെ കള്ളക്കളി പൂര്‍ണ്ണമായും പുറത്തു വന്നുവെന്നും പ്രതിപക്ഷ നേതാവ് പത്രക്കുറിപ്പില്‍ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here