അമേരിക്കന്‍ വിമാനത്തില്‍ പരിധിയിലധികം യാത്രക്കാര്‍; തലയെണ്ണി പുറത്താക്കിയത് ഏഷ്യന്‍ വംശജരെ; ഡോക്ടറെയും ഭാര്യയെയും വലിച്ചിഴയ്ക്കുന്ന ക്രൂര വീഡിയോ സമൂഹമാധ്യമത്തില്‍

ചിക്കാഗോ : വിമാനം പുറപ്പെടാന്‍ സമയമായപ്പോള്‍ അധികൃതര്‍ തലയെണ്ണി നോക്കി. യാത്രക്കാരുടെ എണ്ണം കൂടുതലാണെന്നറിഞ്ഞപ്പോള്‍ ഏഷ്യന്‍ വംശജരായ രണ്ട് പേരെ വിമാനത്തില്‍ നിന്ന് പുറത്താക്കി. യുഎസില്‍ ചിക്കാഗോ ഒഹ്‌റെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലൂയിസ് വില്ല കെന്റുക്കിയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിലാണ് ഏഷ്യന്‍ വംശജനായ ഡോക്ടര്‍ക്കും ഭാര്യയ്ക്കും തിക്താനുഭവമുണ്ടായത്.

വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാത്ത ഡോക്ടറെയും ഭാര്യയെയും അധികൃതര്‍ വലിച്ചിഴച്ചാണ് പുറത്താക്കിയത്. സഹയാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ വീഡിയോ വൈറലായി. യാത്രക്കാര്‍ അധികമാണെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതരുടെ നടപടി.

അധിക ബുക്കിംഗ് ഉണ്ടായിരുന്നതിനാല്‍ നാല് യാത്രക്കാരോട് പുറത്തിറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ആരും ഇറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ഏഷ്യന്‍ വംശജനെയും ഭാര്യയെയും പുറത്താക്കാന്‍ അധികൃതര്‍ തന്നെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൃത്യസമയത്ത് ഡ്യൂട്ടിക്ക് കയറേണ്ടതിനാല്‍ ഇറങ്ങാനാവില്ലെന്ന് ഡോക്ടര്‍ അറിയിച്ചതോടെയാണ് ബലപ്രയോഗം നടത്തിയത്.

കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ഇവരോട് പെരുമാറിയതെന്ന് ദൃക്‌സാക്ഷികളും പറയുന്നു. വിമാനത്തിന്റെ വരുമാന നഷ്ടം പരിഹരിക്കാന്‍ അധിക ബുക്കിംഗ് സ്വീകരിക്കുന്നത് സാധാരണമാണ് എന്നായിരുന്നു വിമാന അധികൃതരുടെ വിശദീകരണം. സാധാരണ ബുക്കിംഗ് ചെയ്യുന്നവരില്‍ പലതും റദ്ദാക്കാറുണ്ട്.

എന്നാല്‍ ഇത്തവണ എല്ലാവരും എത്തിയതോടെയാണ് ഇത്തരത്തില്‍ പുറത്താക്കല്‍ നടപടി വേണ്ടിവന്നത്. ഡോക്ടറോടും ഭാര്യയോടും ബലംപ്രയോഗം നടത്തിയില്ലെന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂട്ടാത്താതിനാല്‍ പൊലീസിന്റെ സഹായം തേടുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് അധികൃതരുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here