ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് സെന്‍കുമാര്‍; ജിഷ കേസ് അന്വേഷണം നടക്കുന്നതിനാലാണ് പറയാത്തതെന്ന് സര്‍ക്കാര്‍; കേസില്‍ സുപ്രിംകോടതി വിധിപറയാന്‍ മാറ്റി

ദില്ലി : ഡിജിപി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ ആധാരമാക്കിയ ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് സര്‍ക്കാര്‍ അവസാന നിമിഷം വരെ മറച്ച് വച്ചുവെന്ന് ടിപി സെന്‍കുമാര്‍. ജിഷ വധക്കേസിലെ അന്വേഷണം നടക്കുന്നത് കൊണ്ടാണ് നേരത്തെ നല്‍കിയ സത്യവാങ്മൂലങ്ങളില്‍ കുറിപ്പിനെക്കുറിച്ച് പറയാതിരുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കേസില്‍ സുപ്രിംകോടതി പിന്നീട് വിധി പറയും.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധകേസ് അന്വേഷണ വീഴച്ചകള്‍ക്കൊപ്പം, ഉയര്‍ന്നു വന്ന പൊതുജനാഭിപ്രായം കൂടാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത നിന്ന മാറ്റാന്‍ കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഇതിനായി 2016 മെയ് 26ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി നല്‍കിയ കുറിപ്പിനെയും ആധാരമാക്കിയായിരുന്നു ഹരീഷ് സാല്‍വേയുടെ പ്രധാന വാദം.

രണ്ട് കേസുകളും ഡിജിപി കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ചയുണ്ടായി. ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിംഗ് കേസിലെ വിധി പോലീസിനെ ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സ്ഥാനമാറ്റം പോലുള്ള സര്‍വീസ് നടപടികള്‍ക്ക് വിധി ബാധകമല്ലെന്നും സാല്‍വേ പറഞ്ഞു.

അതേസമയം പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ കുറിപ്പ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആരോപിച്ചു. എന്നാല്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാലാണ് കുറിപ്പിനെക്കുറിച്ച് പരാമര്‍ശിക്കാത്തതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

സ്ഥാനമാറ്റം റദ്ദാക്കി ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപി സ്ഥാനം തിരികെ നല്‍കണമെന്നും സെന്‍കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് കേസ് വിധി പറയാന്‍ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News