നഷ്ടത്തിലോടിയ കണ്‍സ്യൂമര്‍ഫെഡും ശരിയാകുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനലാഭം 64.78 കോടി രൂപ; അച്ചടക്കം പാലിച്ചും അഴിമതി തടഞ്ഞും ഉണ്ടാക്കിയ നേട്ടമെന്ന് സഹകരണമന്ത്രി കടകംപള്ളി

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് 64.78 കോടി രൂപ പ്രവര്‍ത്തനലാഭം നേടിയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. 419 കോടി രൂപ സഞ്ചിത നഷ്ടമുണ്ടാക്കിയ, അഴിമതിയില്‍ കൂപ്പുകുത്തിയിരുന്ന കണ്‍സ്യൂമര്‍ ഫെഡ് ചുരുങ്ങിയ കാലത്തിനുള്ളിലാണ് ലാഭത്തിലേക്കെത്തിയതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിയോഗിച്ച പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും എംഡിയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിച്ചു. ജീവനക്കാരുടെ സഹകരണത്തോടെയാണ് ലാഭകരമായ നിലയിലേക്ക് എത്തിച്ചത്. സഹകരണ മന്ത്രിയെന്ന നിലയിലും സര്‍ക്കാരിനും അഭിമാനിക്കാവുന്ന നിമിഷമാണിത്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചും ഭരണത്തിലെ ധൂര്‍ത്തും അധിക ചെലവും ഒഴിവാക്കിയും, അഴിമതി തടഞ്ഞുമാണ് നേട്ടം കൈവരിച്ചതെന്നും കടകംപള്ളി പറഞ്ഞു.

അധ്യയനവര്‍ഷം മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് 250 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ തുടങ്ങും. മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനം കുറഞ്ഞ തുകയില്‍ ഉത്പന്നങ്ങള്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭ്യമാക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന 4 ഇത്രിവേണികള്‍ക്ക് പുറമെ 24 എണ്ണം കൂടി പുതിയതായി തുടങ്ങും. ഇതിന് സംസ്ഥാന സര്‍ക്കാര്‍ 1.85 കോടി രൂപ സബ്‌സിഡിയായി അനുവദിച്ചിട്ടുണ്ടെന്നും കടകംപള്ളി അറിയിച്ചു.

തിരഞ്ഞെടുത്ത ത്രിവേണികളില്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാനാകും. അങ്ങനെ വാങ്ങുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കും. 2000 നീതി ഔട്ട്‌ലെറ്റുകളും 1500 നീതി മെഡിക്കല്‍ സ്റ്റോറുകളും ആരംഭിക്കുന്നുണ്ട്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ളവ പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. കണ്‍സ്യൂമര്‍ ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം. മെഹബൂബ്, എംഡി ഡോ. എം രാമനുണ്ണി എന്നിവരെയും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളെയും തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News