ബെർലിൻ: ജർമൻ ഫുട്‌ബോൾ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനു നേർക്ക് ആക്രമണം. ഫുട്‌ബോൾ ടീം സഞ്ചരിച്ച ബസ്സിനു നേർക്കാണ് ആക്രമണം ഉണ്ടായത്. ഒരാൾക്ക് പരുക്കേറ്റു. ബൊറൂസിയയുടെ പ്രതിരോധനിര താരം മാർക് ബാർത്രയ്ക്കാണ് പരുക്കേറ്റത്. ആരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഇന്നലെ മൊണാക്കോ എഎസുമായി നടക്കേണ്ടിയിരുന്ന ചാംപ്യൻസ് ലീഗ് മത്സരത്തിനു മുമ്പായിരുന്നു ആക്രമണം. ഇതേതുടർന്ന് മത്സരം മാറ്റിവച്ചു.
ടീം താമസിച്ചിരുന്ന ഹോട്ടലിനു സമീപം മൂന്നു തവണ സ്‌ഫോടനം ഉണ്ടായി. ടീമിനെ ലക്ഷ്യം വച്ചു തന്നെയായിരുന്നു ആക്രമണമെന്നാണ് ജർമൻ പൊലീസ് പറയുന്നത്. വൈകുന്നേരം 7.15ഓടെയായിരുന്നു മൂന്നു സ്‌ഫോടനങ്ങളും നടന്നത്. സംഭവസ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തിയതായി പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ, കത്തിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനു കാരണം എന്താണെന്നു ഇപ്പോഴും വ്യക്തമല്ലെന്നു ഡോർട്ട്മുണ്ട് പൊലീസ് പറയുന്നു.
ഹോട്ടലിൽ നിന്നു താരങ്ങളുമായി ടീം ബസ് സ്‌റ്റേഡിയത്തിലേക്കു പുറപ്പെട്ട സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ബസിലെ ചില്ലുകൾ തകർന്നു. ബസ്സിനു മറ്റു കാര്യമായ തകരാറുകൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ, സ്റ്റേഡിയത്തിനു ആക്രമണ ഭീഷണി ഇല്ലെന്നും പൊലീസ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.