വാട്‌സ്ആപ്പ് തുണച്ചു; ഓടുന്ന ട്രെയിനിൽ എംബിബിഎസ് വിദ്യാർത്ഥി പ്രസവമെടുത്തു; ഓടുന്ന ട്രെയിനിൽ ഒരു ത്രീ ഇഡിയറ്റ്‌സ് ക്ലൈമാക്‌സ്

വാട്‌സ്ആപ്പ് തുണച്ചപ്പോൾ 24കാരിയായ യുവതിയുടെ പ്രസവശുശ്രൂഷ എംബിബിഎസ് വിദ്യാർത്ഥി എടുത്തു. ത്രീ ഇഡിയറ്റ്‌സ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിനു സമാനമായി ഇന്റർനെറ്റിൽ മുതിർന്ന ഡോക്ടറുടെ സഹായത്തോടെ എംബിബിഎസ് വിദ്യാർത്ഥി ഓടുന്ന ട്രെയിനിൽ യുവതിയുടെ പ്രസവം എടുത്തു. ത്രീ ഇഡിയറ്റ്‌സ് ചിത്രത്തിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദ്-പുരി എക്‌സ്പ്രസിൽ നടന്നത്.

24 കാരിയായ യുവതി ഭർത്താവിനും കുടുംബത്തിനുമൊപ്പം റായ്പൂരിൽ നിന്നും ഛത്തീസ്ഗഡിലേക്കു സഞ്ചരിക്കുകയായിരുന്നു. നാഗ്പൂരിൽ നിന്നും ട്രെയിൻ എടുത്ത് അരമണിക്കൂർ കഴിഞ്ഞ് വർധ ജംഗ്ഷനിൽ എത്തിയപ്പോൾ യുവതിയുടെ ബന്ധുക്കൾ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. ട്രെയിനിൽ ഉള്ള ഡോക്ടറെ തേടി ടിടിഇ ഓടിയെത്തി. നാഗ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യർത്ഥിയായ വിപിൻ ഖഡ്‌സേയ്ക്കു മുന്നിലാണ് ടിടിഇ എത്തിയത്.

പ്രസവവേദനയിൽ പുളയുന്ന യുവതിയുടെ അവസ്ഥ അറിഞ്ഞപ്പോൾ ആദ്യം ഒന്നു സ്തംഭിച്ച് നിന്നു. ഒരു ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ വലുതെന്നു തിരിച്ചറിഞ്ഞ് ഉടൻ തന്നെ വിപിൻ യുവതിയുടെ അടുത്തേക്ക് ഓടി. അവിടെ എത്തിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാണെന്നു വിപിൻ മനസ്സിലാക്കിയത്. കുഞ്ഞിന്റെ തലയ്ക്കു പകരം തോളാണ് പുറത്തേക്കു വന്നിരിക്കുന്നത്. പെട്ടന്നു തന്നെ മുതിർന്ന ഡോക്ടറെ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടു.

ചുരുക്കം ചില ഉപകരണങ്ങൾ മാത്രമാണ് കയ്യിൽ ഉണ്ടായിരുന്നത്. വാട്‌സ്ആപ്പിലൂടെ ഡോക്ടറുടെ നിർദേശം തേടി ഒടുവിൽ കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ പുതിയ ജീവിതത്തിലേക്ക്. നന്ദി പറയാൻ വാക്കുകളില്ലാതെ യുവതിയുടെ ബന്ധുക്കൾ നിന്നപ്പോൾ വിപിന് ഇത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. വിപിൻ തന്നെയാണ് ഫേസ്ബുക്കിലൂടെ സംഭവം വിവരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News