പനാജി: നിശാക്ലബ്ലുകളും ഉന്മാദ നൃത്തസന്ധ്യകളുമില്ലാത്ത ഗോവയെ സ്വപ്നം കാണാൻ കഴിയുമോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാൽ, ഉടൻ അതു സംഭവിക്കാൻ പോകുന്നു. അടുത്ത രണ്ടാഴ്ചയ്ക്കകം ഗോവയിലെ എല്ലാ രാത്രികാല നൈറ്റ് ക്ലബുകൾക്കും താഴ് വീഴാൻ പോകുന്നുവെന്നാണ് പുതിയ വാർത്ത. ഗോവ മന്ത്രി വിനോദ് പാലിയേക്കറാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
മയക്കുമരുന്നും മദ്യവും ഉന്മാദനൃത്തങ്ങളെ ലഹരികളാക്കിയതോടെ കുറ്റകൃത്യങ്ങൾ വൻതോതിൽ വർധിച്ച സാഹചര്യത്തിലാണ് ഗോവൻ സർക്കാരിന്റെ ഈ നീക്കം. ഗോവയിലെ 80 ശതമാനം രാത്രികാല പാർട്ടികളും രണ്ടാഴ്ചയ്ക്കകം പൂട്ടുമെന്നു വിനോദ് പാലിയേക്കർ പറഞ്ഞു. ഗോവയിൽ നൈറ്റ് ക്ലബുകൾക്കു നേരെ പൊലീസ് കണ്ണടയ്ക്കുകയാണ് പതിവ്. മാത്രമല്ല ഇത് ഗോവയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇവർ വിശ്വസിച്ചു. എന്നാൽ പുതിയ സർക്കാർ വന്നതോടെ സംഗതി മാറി. നിശാക്ലബുകൾ ഗോവയുടെ ടൂറിസത്തിന്റെ ഭാഗമല്ലെന്നാണ് പുതിയ സർക്കാരിന്റെ വാദം.
മാത്രമല്ല ഇത് ഗോവൻ ചരിത്രത്തിനു കളങ്കം വരുത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നൈറ്റ് ക്ലബുകൾക്ക് സമയപരിധി വച്ചുകൊണ്ട് സർക്കാർ ആദ്യം നിയന്ത്രണം കൊണ്ടുവന്നെങ്കിലും അതു ഫലവത്തായില്ല. മാത്രമല്ല ഇത്തരം ക്ലബുകൾ പുലർച്ചെ മൂന്നു മുതൽ നാലു വരെയും പ്രവർത്തിച്ചു പോന്നു. വിദ്യാർത്ഥികൾ പോലും ഇത്തരം നിശാക്ലബിലെ നിത്യ സന്ദർശകരും മയക്കുമരുന്നിന് അടിമകളാകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശവും നൽകിയിട്ടുണ്ട്. ഇതോടെ ഗോവ ടൂറിസത്തിൽ നിന്ന് നൈറ്റ് ക്ലബുകൾ അകലുകയാണ്. രണ്ടാഴ്ചയ്ക്കു ശേഷം രാത്രികാലങ്ങളിലെ ഉന്മാദനൃത്തങ്ങളും പാർട്ടികളും ഗോവയുടെ ടൂറിസത്തിൽ കേട്ടുകേൾവി മാത്രമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here