നന്തൻകോട് കൂട്ടക്കൊല; നടന്നത് ആഭിചാര കർമമല്ല; ആസൂത്രിതമായ കൊലപാതകം തന്നെ; ആദ്യം കൊലപ്പെടുത്തിയത് അച്ഛനെയെന്നും കേഡലിന്റെ മൊഴി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല ആഭിചാര കർമത്തിന്റെ ഭാഗമായല്ല ആസൂത്രിതമായ കൊലപാതകം തന്നെയാണെന്നു പൊലീസ്. ആസ്ട്രൽ പ്രൊജക്ഷൻ ആണെന്നു പ്രതി കേഡൽ നൽകിയ മൊഴി പുകമറ സൃഷ്ടിക്കാനാണെന്നും പൊലീസ് പറയുന്നു. കേഡലിന്റെ മൊഴി തന്നെയാണ് ഇക്കാര്യത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. ആസ്ട്രൽ പ്രൊജക്ഷൻ എന്ന ശരീരത്തിൽ നിന്നും മനസ്സിനെ വേർപ്പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന കർമമാണ് നടത്തിയതെന്നായിരുന്നു കേഡൽ നേരത്തെ മൊഴി നൽകിയിരുന്നത്.

മാതാപിതാക്കളെ കൊല്ലാനുറച്ചു തന്നെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു അത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊല നടത്തിയത്. ആദ്യം അച്ഛനെ കൊലപ്പെടുത്തി. തുടർന്ന് അമ്മയെയും കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കുന്നതിനാണ് സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയത്. വീട്ടുകാർ തന്നെ വല്ലാതെ അവഗണിച്ചതിനാലാണ് കൊല നടത്തിയതെന്നും കേഡൽ മൊഴി നൽകിയിട്ടുണ്ട്. കേഡലിന്റേത് കൊടുംക്രിമിനലിന്റെ മാനസികാവസ്ഥയാണെന്നു മനോരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നടന്നത് ആസ്‌ട്രോ പ്രൊജക്ഷൻ ആണെന്നായിരുന്നു കേഡൽ മൊഴി നൽകിയിരുന്നത്. ശരീരത്തിൽ നിന്നു ആത്മാവിനെ വേർപെടുത്തി മറ്റൊരു ലോകത്തിലെത്തിക്കുന്ന കർമമാണ് ആസ്‌ട്രോ പ്രൊജക്ഷൻ. എന്നാൽ, ഇങ്ങനെ പറഞ്ഞത് പുകമറ സൃഷ്ടിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമാണെന്നാണ് പൊലീസ് പറയുന്നത്. കേഡലിനു മനോരോഗമാണെന്നും മനോരോഗ വിദഗ്ധർ വിലയിരുത്തിയിരുന്നു.

കേഡൽ ജീൻസൺ രാജയ്ക്കു നേരത്തെ തന്നെ സ്‌കിസോഫ്രിനിയ എന്ന കടുത്ത മാനസികരോഗം പ്രകടമായിരുന്നിരിക്കാമെന്ന് മാനസികാരോഗ്യ വിദഗ്ധരുടെ നിഗമനം. മാനസിക രോഗം പുറത്തറിഞ്ഞാൽ അതു തങ്ങളുടെ സോഷ്യൽ സ്റ്റാറ്റസിനെ ബാധിക്കുമെന്നു കരുതി രക്ഷിതാക്കൾ രോഗവിവരം മറച്ചു വച്ചതായിരിക്കാമെന്നും ഡോക്ടർമാർ വിലയിരുത്തുന്നു. അതേസമയം കേഡലിന്റെ ചാത്തൻസേവാ ചിന്തകൾക്കും പ്രവൃത്തികൾക്കും മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് കേഡൽ നൽകിയ മൊഴി ചൂണ്ടിക്കാട്ടുന്നത്.

നന്തൻകോട് ക്ലിഫ് ഹൗസിനുസമീപം ബെയിൻസ് കോമ്പൗണ്ടിൽ 117 ാം നമ്പർ വീട്ടിൽ നിഗൂഢതകൾ ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാരായ ഡോ.ജീൻ പത്മയും റിട്ടേയ്ഡ് പ്രോഫസർ ഡോ.എ.രാജതങ്കവും തങ്ങളുടെ മക്കൾക്ക് സ്‌നേഹം വാരിക്കോരിയാണ് നൽകിയിരുന്നത്. മക്കളായ ഡോ.കരോളിനും കേഡൽ ജീൻസണും ഇത് ആവോളം അനുഭവിക്കുകയും ചെയ്തുവെന്നത് ബന്ധുക്കൾ തന്നെ പറയുന്നുണ്ട്. പപ്പയും മമ്മിയും മക്കളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല. കാരോളിനെ അവർ ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ കേഡൽ ജീൻസണിന്റെ കാര്യത്തിൽ അതു നടന്നില്ല.

ജീൻസണെ ഡോക്ടറാക്കാൻ ജീൻ പത്മ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ ഒരു വർഷം മെഡിക്കൽ പഠനം നടത്തി പിന്നീട് അതിനു ഗുഡ്‌ബൈ പറഞ്ഞ ജീൻസൺ അപ്പോഴെ വേറിട്ട ചിന്തകൾക്കും തുടക്കമിട്ടിരുന്നു. പള്ളിയിൽ കൃത്യമായി പോയിരുന്ന കേഡൽ ബൈബിളിലെ നല്ല കാര്യങ്ങൾക്കു ചെവികൊടുക്കാതെ തന്റെ മനസ്സ് സാത്താനായി മാറ്റി വച്ചു. സമൂഹത്തിൽ നിലയും വിലയുമുള്ള ജീൻ പത്മയും രാജതങ്കവും മകന്റെ ഏകാന്തതയും ഒതുങ്ങിക്കൂടിയുള്ള ജീവിതരീതിയും മുറിക്കുള്ളിൽ കമ്പ്യൂട്ടറിനു മുന്നിലെ മണിക്കൂറുകളോളമുള്ള പ്രവർത്തനവും പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഇതാണ് ഇത്തരത്തിൽ ഒരു ദാരുണസംഭവത്തിന്റെ സൃഷ്ടാവായി കേഡൽ മാറാൻ കാരണം. കേഡലിന്റെ ചാത്തൻസേവയും ആസ്ട്രൽ പ്രൊജക്ഷനും അടക്കമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കലിൽ പങ്കാളിയായ മനഃശാസ്ത്ര വിദഗ്ധൻ കേഡലിന്റെ പ്രശ്‌നം മനോരോഗമാണെന്ന നിഗമനത്തിൽ എത്തിയത്. സ്‌കിസോഫ്രീനിയ എന്ന കടുത്ത മാനസിക രോഗത്തിന് നേരത്തെ തന്നെ കേഡൽ ഉടമയായിരുന്നു. മകന്റെ മനോവൈകല്യം കാർഡിയോളിസ്റ്റ് കൂടിയായ ജീൻ പത്മ മറച്ചുവച്ചു. റിസർച്ച് ഗൈഡായ അച്ഛനും ഇതിന് കൂട്ടുനിന്നു.

ബന്ധുക്കളോ നാട്ടുകാരോ കേഡലിന് മാനസികരോഗമാണെന്നു അറിഞ്ഞാൽ അതു തങ്ങളുടെ സ്റ്റാറ്റസിന് കോട്ടം വരുത്തുമെന്നും ഇവർ കരുതിയിരുന്നു. ഒരുപക്ഷേ രോഗം ശ്രദ്ധയിൽ പെട്ടപ്പോഴെ കേഡലിനെ ചികിത്സിച്ചിരുന്നുവെങ്കിൽ രോഗം
ഭേദമാകുമായിരുന്നുവെന്നും മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നിലെ ചിത്തരോഗിയാണ് ഈ അരുംകൊലയ്ക്കു പിന്നിലെന്നു പറഞ്ഞ് നിയമത്തിന്റെ മുന്നിൽ നിന്ന് കേഡൽ രക്ഷപ്പെടുമോ എന്ന ആശങ്ക ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News