ഭാഷാസ്‌നേഹം ഫ്രഞ്ചുകാരെ കണ്ടു പഠിക്കണം; അതിർത്തി സംരക്ഷിക്കുന്നതിനേക്കാൾ ജാഗ്രതയോടെ ഭാഷയെ സംരക്ഷിക്കണമെന്ന് ഫ്രഞ്ചുകാർ പഠിപ്പിക്കുന്നു

ഭാഷാസ്‌നേഹം എന്നാൽ അതു ഫ്രഞ്ചുകാരിൽ നിന്നു പഠിക്കണം. സ്‌കൂൾ തലം മുതൽ എല്ലാം ഫ്രഞ്ച് ഭാഷയിൽ മാത്രം പഠിപ്പിക്കുന്നവർ. സംസാരവും പ്രവർത്തിയും എല്ലാം ഫ്രഞ്ച് ഭാഷയിൽ. ഔദ്യോഗിക കൃത്യനിർവഹണം പോലും അങ്ങനെ. അവിടെ അവർ പറയും ആദ്യം ഫ്രഞ്ച് ഭാഷ പിന്നെയാകാം ഉച്ചകോടി. അതങ്ങനെയാണ്. ഒന്നിനു വേണ്ടിയും ഭാഷയെ കൈവെടിയാത്തവർ. കെ.രാജേന്ദ്രൻ പാരിസിലെ കാലാവസ്ഥാ ഉച്ചകോടിക്കിടെ തയ്യാറാക്കിയ റിപ്പോർട്ട്.

‘നെക്സ്റ്റ് സ്റ്റോപ്പ് ഈസ് ലെബോജ’. പാരിസിലെ ഗ്ലാഡിയോർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി നടക്കുന്ന ലെബോജ സ്റ്റേഷനിലേക്കുള്ള ട്രെയിനുകളിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലീഷിലുളള അറിയിപ്പുകൾ മധുരസ്വരത്തിൽ മുഴങ്ങി. ട്രെയിനിലെ ബഹുഭൂരിപക്ഷം യാത്രക്കാരും ഫ്രഞ്ച് അറിയാത്ത വിദേശികളായ യാത്രക്കാരാണ്. പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയവർ. ചോദ്യങ്ങൾക്കെല്ലാം ഫ്രഞ്ചിൽ മാത്രം മറുപടി പറയുന്ന തദ്ദേശീയരെക്കൊണ്ട് കുഴങ്ങിയവർ.

അവർക്കായി ഒരു ട്രെയിനിൽ മാത്രം ഇതാ ഒരു വിട്ടുവീഴ്ച. രണ്ടാഴ്ചയോളം നീണ്ട കാലാവസ്ഥാ ഉച്ചകോടിക്കിടെ പലപ്പോഴായി നൂറോളം ഫ്രഞ്ചുകാരുമായി ഇടപഴകി. ഇടതടവില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. അവരിലൊരാളാണ് ലെബോജയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട സ്റ്റെല്ല മോണ്ടിസ്. സ്റ്റെല്ല ഫ്രഞ്ച് ഭാഷാ അഭിമാനിയെങ്കിലും അഹങ്കാരമോ അപകർഷതാബോധമോ ഇല്ല.

France 1

‘ഒരുകാലത്ത് ഇംഗ്ലണ്ടിനേക്കാൾ വലിയ കോളനി രാജ്യങ്ങളുടെ ഉടമസ്ഥരായിരുന്നു ഞങ്ങൾ. ബ്രിട്ടീഷുകാർ നടത്തിയതു പോലുളള ക്രൂരതകൾ ഞങ്ങൾ നടത്തിയിട്ടില്ലെന്നു മാത്രം. ബ്രിട്ടീഷുകാർ എന്നു ഫ്രഞ്ച് സംസാരിക്കുമോ അന്നേ ഞങ്ങൾ ഇംഗ്ലീഷ് സംസാരിക്കൂ’. ഫ്രാൻസിലെ വിദ്യാലയങ്ങളിൽ ഒരു ഓപ്ഷണൽ വിഷയമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാവിഷയങ്ങളും നിർബന്ധമായും ഫ്രഞ്ചിൽ തന്നെ പഠിപ്പിക്കണം. 1994-ൽ ഫ്രഞ്ച് ഇതര പരസ്യ ബോർഡുകൾ രാജ്യത്ത് പൂർണ്ണമായും നിരോധിച്ചു.

പാരിസിലെയും സെന്റ് ഡെന്നിസിലേയും നിരവധി ബുകസ് സ്റ്റാളുകളിൽ ഇംഗ്ലീഷ് ദിനപത്രങ്ങൾ തേടി അലഞ്ഞു. സമ്മേളന നഗരിയിലൊഴികെ ഒരിടത്തും ലഭിച്ചില്ല. ഹോട്ടലിലെ ടിവി സെറ്റിലും സ്ഥിതി തഥൈവ. ബിബിസിയോ സിഎൻഎന്നോ ഒന്നുമില്ല. എല്ലാം ഫ്രഞ്ച് ചാനലുകൾ.

കാലാവസ്ഥാ ഉച്ചകോടിയിലും അനുബന്ധപരിപാടികളിലും പങ്കെടുക്കാനായി നവംമ്പർ അവസാനത്തോടെ പാരിസിലേു ഒഴുകിയെത്തിയത് പതിനായിരത്തോളം വിദേശികൾ. ഫ്രഞ്ച് ഭാഷാ മൗലികവാദത്തിന്റെ നീരാളിചുഴിയിൽപെട്ട് അതിഥികൾ മുങ്ങിത്താഴുമോയെന്ന് ഏറ്റവുമധികം ആശങ്കപ്പെട്ടത് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് തന്നെയായിരുന്നു.

‘നമ്മുടെ ഭാഷാ സ്‌നേഹം ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെ നമുക്ക് ഇത്തിരി കൂടി ലിബറൽ ആയിക്കുടെ? സോഷ്യലിസ്റ്റ് പാർട്ടി നേതാവായ ഒളാന്ദ് പ്രായോഗികവാദിയായി. എന്നാൽ, ഫ്രഞ്ച് ദേശീയബോധത്തിന്റെ അപകടകരമായ പുതിയ രൂപമായ നാഷണൽ ഫ്രണ്ട് നേതാവ് മറൈൽ ലി പിൻ വിഷം ചീറ്റി. ‘പറ്റില്ല.വിദേശികൾ വേണമെങ്കിൽ ഫ്രഞ്ച് പഠിക്കട്ടെ’
ഉച്ചകോടിയുടെ മുന്നോടിയായി ആഗോളതാപനം കുറയ്ക്കുന്നതിനായുളള ചർച്ചകളാണ് രാജ്യാന്തരതലത്തിൽ സജിവമായതെങ്കിൽ പാരിസിൽ നടന്നത് ഭാഷാദേശീയ ബോധത്തിൽ വരുത്തേണ്ട വിട്ടുവീഴ്ചകളെപ്പറ്റിയുളള ചർച്ചകളായിരുന്നു.

France 2

തർക്കങ്ങളിൽ ഏർപെട്ടവർ അവസാനം സമവായത്തിലെത്തി. ഉച്ചകോടിയിൽ ഫ്രാൻസിനെ പ്രതിനിധീകരിക്കുന്നവർ ഫ്രഞ്ച് ഭാഷയിൽ മാത്രമേ സംസാരിക്കാവൂ. ഇവരുടെ വാക്കുകൾ പരിഭാഷകർ ഇംഗ്ലീഷിൽ തർജ്ജമചെയ്യും. സമ്മേളന വേദിയായ ബ്ലൂസോണിലെ കവാടത്തിലെ വലിയ തലവാചകങ്ങൾ ഫ്രഞ്ചിലായിരിക്കണം. പത്രക്കുറിപ്പുകളും ഉച്ചകോടിയുടെ ഔദ്യോഗിക രേഖകളും ഇംഗ്ലീഷിൽ ഇറക്കാം. ഇവയ്‌ക്കൊപ്പം നിർമ്പന്ധമായും ഫ്രഞ്ച് പരിഭാഷയും ലഭ്യമാക്കണം. പ്രതിനിധികൾക്കു നൽകുന്ന റെയിൽവെ മാപ്പിൽ ഒരുവശം ഇംഗ്ലീഷിലും മറുവശം ഫ്രഞ്ചിലുമായിരുക്കണം. ഗ്ലാഡിയോർ ലെബോജ റെയിൽവെ റൂട്ടിൽ മാത്രം ഫ്രഞ്ചിനൊപ്പം ഇംഗ്ലീഷിലും റെയിൽവെ മുന്നറിയിപ്പുകൾ നൽകാം. ഇതിനെല്ലാം പുറമെ ഇംഗ്ലീഷും ഫ്രഞ്ചും നന്നായി അറിയാവുന്ന ആയിരം വളണ്ടിയർമാരെ സമ്മേളന പരിസരത്ത് വിന്യസിക്കും.

അവസാനത്തെ തീരുമാനം നടപ്പിലാക്കുക ഒട്ടും എളുപ്പമായിരുന്നില്ല. പാരിസിലെ അഭ്യസ്തവിദ്യർക്കിടയിൽ ഇംഗ്ലീഷ് ഭാഷ അറിയാവുന്നവർ നന്നേകുറവ്. ഇവരിൽ കൊടും തണുപ്പത്ത് വളണ്ടിയർ സേവനം നടത്താൻ സന്നദ്ധരായവരെ കണ്ടെത്താൻ സർക്കാർ നന്നേ പാടുപെട്ടു. എട്ടു മണിക്കൂർ തൊഴിലെടുക്കുന്നവർക്ക് 200 യൂറോ നൽകാമെന്നു പ്രഖ്യാപിച്ചിട്ടും ഇംഗ്ലീഷ് പരിജ്ഞാനികൾ അറച്ചുനിന്നു.

ഒടുവിൽ ഫ്രാൻസ്വ ഒളാന്ദ് ഒരു അറ്റകൈ പ്രയോഗം നടത്തി. ‘ഉച്ചകോടി പരിസ്ഥിതിയുടെ മാത്രമല്ല, നമ്മുടെ ഫ്രഞ്ച് ഭാഷയുടേയും സംസ്‌കാരത്തിന്റെയും വിജയമായി ലോകം വാഴ്ത്തണം. ചെറുപ്പക്കാരേ ഇറങ്ങിവരൂ.’-ഇതായിരുന്നു ഒളാന്ദ് പറഞ്ഞത്.

പ്രതിഫലത്തുക വീണ്ടും ഉയർത്തി. ഏറെ കഷ്ടപ്പെട്ടാെണങ്കിലും ആയിരത്തോളം പച്ച ഷാളുകൾ ധരിച്ച പരിഭാഷകരെ സമ്മേളനവേദിയിൽ സംഘാടകർ അണിനിരത്തി. ബ്ലൂസോണിൽ പ്രവേശിച്ച ഒരാൾക്കു പോലും ഭാഷ അറിയാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല. പരിഭാഷകർ സഹായ അഭ്യർത്ഥനകളുമായി ഓടിനടന്നു.

പരിഭാഷകർ സമ്മേളനത്തിന്റെ സമാപനദിവസം എല്ലാവരേയും അതിശയിപ്പിച്ചു. മറ്റെല്ലാവരേയും പോലെ ഈ ലേഖകനേയും തേടി ഒരു പരിഭാഷകൻ എത്തി. ഫ്രഞ്ച് ഭാഷ പഠിപ്പിക്കുക എന്നതായിരുന്നു വളണ്ടിയറുടെ ദൗത്യം.

‘പറയൂസാർ. മെസ്സി.., മെസ്സീ എന്നാൽ നന്ദി’

വളണ്ടിയർ ഉച്ഛരിച്ചതുപോലെ നീട്ടിപറഞ്ഞു.
‘മെസ്സീ…’
അടുത്തവാക്ക്.. ‘വി..വി..എന്നാൽ ശരി..’
‘വീ..’
ഇനി സാർക്ക് സമ്മേളന നഗരിയിൽ നിന്ന് പുറത്തേക്കു പോകേണ്ടേ?
‘സോർട്ടീ.. സോർട്ടീ എന്നാൽ പുറത്തേക്ക്’
‘സോർട്ടീ….’

മെസ്സീ, വീ, സോർട്ടീ എന്നീ വാക്കുകൾ കുറച്ചുസമയം കൊണ്ട് വളണ്ടിയർ ഈ ലേഖകനെ പഠിപ്പിച്ചതു പോലെ 196 രാജ്യങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിനു പ്രതിനിധികളിൽ പലരേയും വളണ്ടിയർമാർ നിരവധി ഫ്രഞ്ച് വാക്കുകൾ പഠിപ്പിച്ചു. അതിശയിപ്പിക്കുന്നതാണ് ഈ ഭാഷാസ്‌നേഹം. അതിർത്തി സംരക്ഷിക്കുന്നതിനേക്കാൾ ജാഗ്രതയോടെ ഭാഷയെ സംരക്ഷിക്കണമെന്ന് ഫ്രഞ്ചുകാർ പഠിപ്പിക്കുന്നു. പാരിസ് കാലാവസ്ഥാ ഉച്ചകോടി ഫ്രഞ്ചുകാർ അക്ഷരാർത്ഥത്തിൽ ഫ്രഞ്ച് ഭാഷാ ഉച്ചകോടിയാക്കി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News