കുഞ്ഞുങ്ങളെ നോക്കുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല; കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ തീരുമാനം എടുത്തപ്പോഴാണ് സിനിമ ചെയ്യാനായതെന്നു വിധു വിൻസെന്റ്

കുഞ്ഞുങ്ങളെ നോക്കുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല. കുട്ടിയെ പിരിഞ്ഞിരിക്കാൻ നമ്മുടെ സ്ത്രീകൾക്ക് സാധിക്കുക തന്നെ വേണം. അങ്ങനെയൊരു തീരുമാനമെടുത്തപ്പോഴാണ് സിനിമ ചെയ്യാനായത്. പറയുന്നത് മറ്റാരുമല്ല ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ്.

കേരളത്തിലെ കുടുംബബന്ധങ്ങളിലെ നിലവിലുള്ള സങ്കൽപങ്ങളെ ഉലയ്ക്കുന്ന അഭിപ്രായങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ് മാൻഹോൾ എന്ന സിനിമയുടെ വിജയത്തിലൂടെ ശ്രദ്ധേയയായ വിധു വിൻസെന്റ്. കുട്ടിയെ നോക്കുക എന്ന സ്ത്രീയുടേതു മാത്രമായി സമൂഹം കരുതുന്ന ഉത്തരവാദിത്തവുമായി കഴിഞ്ഞിരുന്നെങ്കിൽ വിധു വിൻസെന്റിന്റെ മാധ്യമപ്രവർത്തന ജീവിതം അവസാനിച്ചേനെ. ആ പേരിൽ ഒരു ചലച്ചിത്രകാരി പിറക്കുകയുമില്ലായിരുന്നു. അതാണ് വിധുവിന്റെ ഏറ്റുപറച്ചിൽ സൂചിപ്പിക്കുന്നത്.

വിധു പറയുന്നു. ‘കുട്ടിയെ നോക്കേണ്ടത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല എന്നൊരു കാഴ്ചപ്പാടാണ് എനിക്ക് ഇന്നുള്ളത്. എന്റെ ഭർത്താവിനും അതിൽ അഭിപ്രായവ്യത്യാസമില്ല. ഇപ്പോൾ ഒരു വർഷമായി അച്ഛന്റെ കൂടെയാണ് മകൾ ഉള്ളത്. കുറച്ചു കാലം ഇന്ത്യൻ ഫിലോസഫി പഠിക്കാനായി ഗോവയിൽ പോയിരുന്നു. അന്നും കുട്ടി അച്ഛന്റെ കൂടെയായിരുന്നു’.

കുട്ടിയെ അച്ഛനൊപ്പം ഏൽപിച്ചു പോകുന്ന സമയത്ത് ആദ്യമൊക്കെ ആളുകൾ ചോദ്യങ്ങളുമായി വരാറുണ്ടായിരുന്നുവെന്ന് വിധു ഓർക്കുന്നു. എങ്ങനെയാണ് നിങ്ങൾക്ക് കുട്ടിയെ പിരിഞ്ഞിരിക്കാൻ പറ്റുന്നത് എന്നായിരുന്നു പതിവു ചോദ്യം. എന്റെ അഭിപ്രായത്തിൽ നമ്മുടെ സ്ത്രീകൾക്ക് അത് സാധിക്കുകതന്നെ വേണം. അങ്ങനെയൊരു തീരുമാനമെടുത്ത വർഷമാണ് എനിക്കൊരു സിനിമയും പുസ്തകവും ഒക്കെ ചെയ്യാൻ പറ്റിയത്. എന്റെ കാര്യം ഞാൻ നോക്കണമെന്നു ചിന്തിച്ചിടത്താണ് ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യാൻ പറ്റിയത്. എന്റെ മകളും ആ അർത്ഥത്തിൽ എന്നെ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

കേരളത്തിലെ 90 ശതമാനം സ്ത്രീകളുടെയും അധ്വാനത്തിന്റെ മുക്കാൽ പങ്കും കുടുംബത്തിനു വേണ്ടിയാണ് ചെലവാക്കുന്നത്. സ്ത്രീയും കുഞ്ഞുമായുള്ള വൈകാരികബന്ധത്തെ നമ്മുടെ സമൂഹം വല്ലാതെ ചൂഷണം ചെയ്യുന്നുണ്ടെന്ന് വിധു ചൂണ്ടിക്കാട്ടുന്നു. അതൊരു സ്വാഭാവികതയാണ് എന്നു കരുതുന്ന ഒരു സമൂഹം സത്യത്തിൽ സ്ത്രീയെ തളച്ചിടാനാണ് ശ്രമിക്കുന്നതെന്നും അവർ വിലയിരുത്തുന്നു.

വിധു വിൻസന്റ് അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കിടുന്നത് ദേശാഭിമാനി വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News