തമിഴ് കര്‍ഷകരുടെ സമരം ദില്ലിയില്‍ തുടരുന്നു; കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം തള്ളി; സന്നദ്ധ സംഘടനകളുടെ സഹായമുണ്ടെന്ന ആരോപണം നിഷേധിച്ച് കര്‍ഷകര്‍

ദില്ലി : വരള്‍ച്ചാ ദുരിതാശ്വാസം തേടി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസം പൂര്‍ത്തിയാകുന്നു. സമരം നടത്തുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ മധ്യസ്ഥ ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി ദില്ലിയിലെത്തിയ കര്‍ഷകര്‍ ആവശ്യങ്ങള്‍ ദേഹത്ത് എഴുതിയാണ് പ്രതിഷേധിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ 60,000 കോടി രൂപ അനുവദിക്കുക, നദീ സംയോജനത്തിലൂടെ കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തമിഴ്‌നാട് കര്‍ഷകരുടെ അനിശ്ചിതകാല സത്യഗ്രഹം.

വരള്‍ച്ചാ ദുരിതാശ്വാസം തേടിയുള്ള തമിഴ്‌നാട് കര്‍ഷകരുടെ ശ്രമം ഒരുമാസം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ കര്‍ഷകരുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എങ്കിലും വീണ്ടും ചര്‍ച്ച നടത്തും.

സമരത്തിന് പിന്നില്‍ സന്നദ്ധസംഘടനകളുടെ സാമ്പത്തിക സഹായമുണ്ടെന്ന ആരോപണം സമരസമിതി നേതാക്കള്‍ തള്ളി. പാര്‍ലമെന്റ് സമ്മേളനം കഴിയുന്ന സാഹചര്യത്തില്‍ എംപിമാര്‍ അനുനയന ശ്രമവുമായി എത്തിയിരുന്നു. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടാകും വരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here