റേഷന്‍കട വഴിയുള്ള മണ്ണെണ്ണയുടെ വില കൂട്ടി; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി; വിലവര്‍ദ്ധനയ്‌ക്കെതിരെ റേഷന്‍ വ്യാപാരികള്‍

കോട്ടയം : റേഷന്‍ കടകളിലൂടെ വില്‍പ്പന നടത്തുന്ന മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിച്ച് മലയാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിഷുകൈനീട്ടം. വില വര്‍ദ്ധന സംബന്ധിച്ച കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിയ്ക്ക് ലഭിച്ചു. വിലവര്‍ദ്ധനയ്‌ക്കെതിരെ റേഷന്‍ വ്യാപാരികള്‍ രംഗത്തുവന്നു.

കഴിഞ്ഞ ജൂണില്‍ മണ്ണെണ്ണ ലിറ്ററിന് 17 രൂപയായിരുന്നു വില. ഇപ്പോഴത് 21 രൂപയാണ്. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന മാതൃകയില്‍ എപ്രില്‍ മുതല്‍ പ്രതിമാസം 25 പൈസയുടെ വര്‍ദ്ധനവാണ് മണ്ണെണ്ണ വിലയിലുണ്ടാകുക.

എപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 25 പൈസ വീതമുള്ള വര്‍ദ്ധനവ് വരുത്തണമെന്നും വ്യക്തമാക്കുന്നുണ്ട്. വിലവര്‍ദ്ധനവ് അന്യായമാണെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.

നിലവില്‍ റേഷന്‍ മേഖലയ്ക്ക് വേണ്ടി ബജറ്റില്‍ പോലും തുകമാറ്റി വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് നിലനില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിനുള്ള 14 .52 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെ മണ്ണെണ്ണയുടെ വിലയിലും വര്‍ദ്ധനവ് വരുത്തി.

പൊതുവിതരണ സമ്പ്രദായത്തെ തര്‍ക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന വാദത്തിന് ബലം പകരുന്നതാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here